സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; ആകെ 28 ഹോട്ട്‌സ്‌പോട്ടുകൾ

തിരുവനന്തപുരം: പുതുക്കിയ ഹോട്ട്‌സ്‌പോട്ട് പട്ടികയിലേക്ക് മൂന്ന് പുതിയ സ്ഥലങ്ങൾ കൂടി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂർ ജില്ലയിലെ ധർമ്മടം എന്നിവയാണ് സംസ്ഥാനത്തെ പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. എട്ട് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

അതേസമം, സംസ്ഥാനത്ത് ഇന്ന് 24 പേർക്കാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽനിന്നുള്ള അഞ്ചു പേർക്കും കണ്ണൂർ ജില്ലയിൽനിന്നുള്ള നാലു പേർക്കും കോട്ടയം, തൃശൂർ ജില്ലകളിൽ നിന്നുള്ള മൂന്നു പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്ന് രണ്ടു പേർക്ക് വീതവും ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയിൽനിന്നും അഞ്ചു പേരുടെയും (ഒരാൾ മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളിൽനിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ വിദേശത്തു നിന്നും(യുഎഇ-8, കുവൈറ്റ്-4, ഖത്തർ1, മലേഷ്യ1) 10 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും (മഹാരാഷ്ട്ര-5, തമിഴ്‌നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നവരാണ്.

Exit mobile version