കേന്ദ്രാനുമതി ലഭിച്ചു; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26 മുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: കേന്ദ്രാനുമതി കിട്ടിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ 30 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ടെന്റ്‌മെന്റ് സോണുകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല. പകരം സംവിധാനം വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തി. പരീക്ഷ നടത്താന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഗതാഗത സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേകമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി വൈകിയാണ് ലഭിച്ചതെന്നും ഇതുകൊണ്ടാണ് നേരത്തെ ചില തടസ്സങ്ങള്‍ നേരിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പത്ത്, പന്ത്രണ്ട് പരീക്ഷകള്‍ മെയ് 26 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ പരീക്ഷ ജൂണിലേക്ക് മാറ്റിവയ്ക്കാന്‍ തീരുമാനം എടുത്തിരുന്നു. പരീക്ഷകള്‍ നടത്തരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലനിന്നതിനാലാണ് പരീക്ഷ മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചത്.

ഇതിനിടെ പരീക്ഷ നടത്താന്‍ കേന്ദ്രം അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരീക്ഷ മുമ്പ് നിശ്ചയിച്ച പ്രകാരം മെയ് 26 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

പരീക്ഷ ടൈം ടേബിള്‍

എസ്എസ്എല്‍സി (ഉച്ചകഴിഞ്ഞ് 1.45-4.30)
മേയ് 26 – ഗണിതം
മേയ് 27 – ഊര്‍ജതന്ത്രം
മേയ് 28 രസതന്ത്രം
പ്ലസ് വണ്
മേയ് 26 – എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മന്റ് (വിഎച്ച്എസ്ഇ-രാവിലെ)
മേയ് 27 – മ്യൂസിക് അക്കൗണന്‍സി, ജ്യോഗ്രഫി, സോഷ്യല്‍ വര്‍ക്ക്, സംസ്‌കൃത സാഹിത്യം (രാവിലെ)
മേയ് 28 – ഇക്കണോമിക്‌സ് (രാവിലെ)
മേയ് 29 – ഫിസിക്‌സ്, ഫിലോസഫി, ഇംഗ്ലീഷ്, ലിറ്ററേച്ചര്‍, സോഷ്യോളജി, (ഉച്ചയ്ക്ക്)
മേയ് 30 – കെമിസ്ട്രി, ഗാന്ധിയന്‍ സ്റ്റഡീസ്, ആന്ദ്രോപോളജി
പ്ലസ് ടു
മേയ് 26 – എന്റര്‍പ്രണര്‍ഷിപ്പ് ഡെലലപ്‌മെന്റ് (വിഎച്ച്എസ്ഇ – രാവിലെ)
മേയ് 27 – ബയോളജി, ജിയോളജി, സംസ്‌കൃത ശാസ്ത്രം, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാര്‍ട്ട് 3 ലാംഗ്വേജസ്
മേയ് 28 – ബിസിനസ് സറ്റഡീസ്, സൈക്കോളജി, ഇലക്ട്രോണിക് സര്‍വീസ് ടെക്‌നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്
മേയ് 29 – ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കള്‍ച്ചര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഹോം സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്
മേയ് 30 – കണക്ക്, പൊളിറ്റിക്കല്‍ സയന്‍സ്, ജേണലിസം

Exit mobile version