വ്യാപാരിയെ ഭീഷണിപ്പെടുത്തി പോലീസ് സ്‌റ്റേഷൻ മെസിലേക്ക് അരിച്ചാക്ക് എത്തിച്ച് ഗ്രേഡ് എസ്‌ഐ; പണം നൽകിയില്ലെന്ന പരാതിയുമായി വ്യാപാരി

തൊടുപുഴ: തൊടുപുഴ ടൗണിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം നൽകാതെ എസ്‌ഐ ഒരുചാക്ക് അരി വാങ്ങിയതായി ആക്ഷേപം. ഉദ്യോഗസ്ഥർക്കായി സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മെസിലേക്കാണ് എസ്‌ഐ ഒരുചാക്ക് അരി ടൗണിലെ പ്രമുഖ കടയിൽനിന്ന് വാങ്ങിയത്. സമ്പർക്കവിലക്കിനെത്തുടർന്ന് കച്ചവടമില്ലാതിരിക്കേ അരി വാങ്ങിയതിന് പണം ആവശ്യപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി.

ജില്ലയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രത്തിലെ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് എതിരെയാണ് വ്യാപാരിയുടെ പരാതി. അരിച്ചാക്കുമായി മെസിലെത്തിയ എസ്‌ഐ ഇത് ഒരാൾ സൗജന്യമായി നൽകിയതാണെന്നാണ് മറ്റുദ്യോഗസ്ഥരോട് പറഞ്ഞത്.

എന്നാൽ, പോലീസ് ഉദ്യോഗസ്ഥൻ അരി കൊണ്ടുപോയതും, ഭീഷണിപ്പെടുത്തിയെന്ന കാര്യവും ടൗണിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുദ്യോഗസ്ഥരോട് വ്യാപാരി പറഞ്ഞപ്പോഴാണ് മറ്റുള്ളവർ വിവരമറിഞ്ഞത്. സംഭവം സംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

Exit mobile version