കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്തേക്ക് കേരളത്തിലേക്ക് മടങ്ങിവരുന്ന മലയാളികളെ സഹായിക്കാന്‍ കെഎസ്എഫ്ഇ പ്രത്യേക സ്വര്‍ണ പണയ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു ലക്ഷം രൂപ വരെ ഇങ്ങനെ വായ്പ ലഭിക്കും. ആദ്യ നാല് മാസത്തേക്ക് മൂന്ന് ശതമാനം പലിശ നിരക്കായിരിക്കും ഈ വായ്പയ്ക്ക് ഈടാക്കുക. നാല് മാസങ്ങള്‍ക്ക് ശേഷം സാധാരണ നിരക്കില്‍ തന്നെ പലിശ ഈടാക്കൂം. നോര്‍ക്കയുടെ തിരിച്ചറിയല്‍ കാര്‍ഡുള്ള പ്രവാസികള്‍ക്കായിരിക്കും ആനുകൂല്യം.

ജോലി നഷ്ടമായി കേരളത്തിലേക്ക് മടങ്ങിവന്ന പ്രവാസികള്‍ക്കും ഇതേ ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ പ്രവാസി ചിട്ടിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില് ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 10,000 രൂപ വരെയുള്ള സ്വര്‍ണ പണയ വായ്പ, നിലവിലുള്ള പലിശ നിരക്കില് നിന്ന് ഒരു ശതമാനം കുറച്ച് 8.5 ശതമാനം നിരക്കിലായിരിക്കും ലഭ്യമാക്കുക.

കൂടാതെ ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കാനുള്ള പദ്ധതിയും കെഎസ്എഫ്ഇ നടപ്പാക്കും. കാലാവധി 24 മാസമായിരിക്കും. 11.5 ശതമാനം പലിശയില്‍ ഡെയിലി ഡിമിനിഷിംദഗ് രീതിയിലാണ് പദ്ധതി. കൃത്യമായി അടച്ചാല്‍ പലിശ 11 ശതമാനമാകും. എഫ്ഡി, ബാങ്ക് ഗ്യാരണ്ടി, സ്വര്‍ണം എന്നിവയ്ക്ക് ജാമ്യം നല്‍ക്കുന്നവര്‍ക്ക് 10. 5 ശതമാനം പലിശ.

വ്യാപാരികള്‍ക്ക് രണ്ട് വര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ പദ്ധതി. ഒരോ ഗ്രൂപ്പിലും ഇരുപത് പേര്‍ വീതമുണ്ടാക്കും. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. നാല് മാസങ്ങള്‍ക്ക് ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുന്‍കൂറായി നല്‍കും. നാല് മാസത്തിന് ശേഷം തുക കൈപ്പറ്റുന്നവര്‍ക്ക് നേരത്തെ തുക കൈപ്പറ്റിയവരേക്കാള്‍ അധികം തുക ലഭിക്കും. ജൂണ്‍ 30 വരെ കെഎസ്എഫ്ഇ എല്ലാ കുടിശ്ശിക ജപ്തി നടപടികളും നിര്‍ത്തും. കുടിശ്ശിക ഇളവ് പദ്ധതി ജൂണ്‍ മുപ്പത് വരെ നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version