‘കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്‌ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോള്‍’; മേലാറ്റൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് റെയില്‍വേ മന്ത്രിയും മന്ത്രാലയവും

മേലാറ്റൂര്‍: ചുവന്ന പരവതാനി വിരിച്ചതുപോലെ ഗുല്‍മോഹര്‍ പൂക്കള്‍ വിതറിയിരിക്കുകയാണ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും റെയില്‍പാതയിലും. ചുവപ്പണിഞ്ഞ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴിതാ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.

മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് ആണ് ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്. സയ്യിദിന്റെ ചിത്രവും മറ്റൊരു ചിത്രവുമാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.റെയില്‍വേ മന്ത്രിക്ക് പുറമെ റെയില്‍വേ മന്ത്രാലയം ഈ മനോഹരദൃശ്യങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

‘പ്രകൃതി അതിന്റെ മനോഹര രൂപത്തില്‍, കാല്‍പാദങ്ങള്‍ പതിഞ്ഞിരുന്ന പ്ലാറ്റ്‌ഫോമിലെ ഏകാന്തതയില്‍ പൂക്കള്‍ നിറയുമ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് റെയില്‍വേ മന്ത്രാലയം ചിത്രങ്ങള്‍ പങ്കുവെച്ചത്.

കേരളത്തിലെ ഏറ്റവും മനോഹരമായ റെയില്‍വേ റൂട്ടുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത. ഇതിനു പുറമെ ഒരുപാട് ചിത്രങ്ങള്‍ക്ക് ലൊക്കേഷന്‍ ആയിട്ടുള്ള സ്റ്റേഷന്‍ കൂടിയാണിത്. നിലമ്പൂരില്‍ നിന്ന് തേക്കും ഈട്ടിയും കടത്താന്‍ 1921ലാണ് ബ്രിട്ടീഷുകാര്‍ ഷൊര്‍ണുര്‍ നിലമ്പൂര്‍ പാത പണിതത്. പിന്നീട് യുദ്ധത്തില്‍ ഇരുമ്പ് അവശ്യം വന്നപ്പോള്‍ അവര്‍ തന്നെ ഈ പാളം മുറിച്ചു കൊണ്ടുപോയി. പിന്നീട് 1954ലാണ് പാത പുനഃസ്ഥാപിച്ചത്. നിലവില്‍ ഷൊര്‍ണുറിനും നിലമ്പൂരിനും ഇടയില്‍ 14 ട്രെയിന്‍ സര്‍വീസുകളാണ് ഉള്ളത്.

Exit mobile version