കൊറോണ വൈറസ് ബാധയുടെ കാലത്ത് വനിതാ നേതാക്കൾ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവോ? ചോദ്യത്തിനുത്തരം ഇവരാണ്; വൈറൽ കുറിപ്പ്

ലോകം തന്നെ കൊവിഡിനെ നേരിടുന്നതിൽ പ്രതിസന്ധിയിലായിരിക്കെ പെൺ പോരാട്ടമാണ് ചർച്ചയാവുന്നത്. കൊവിഡിനെ ഫലപ്രദമായി നേരിടുന്നതിൽ വനിതാ നേതാക്കളാണ് മുൻപന്തിയിൽ എന്ന് കണക്കുകൾ പറയുന്നു. തങ്ങളുടെ ജനങ്ങൾക്ക് കരുതലായി പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായി നിൽക്കുന്നവരിൽ കേരളത്തിലെ ആരോഗ്യമന്ത്രി കെകെ ശൈലജ മുതൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡൻ വരെയുള്ളവരുണ്ട്. ലാകം ആദരിച്ച ആ നേതാക്കളുടെ കർമ്മ കുശലതയെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ.നെൽസൺ ജോസഫ്.

ചിലരെ പരിചയം കാണും…ചിലരെ പരിചയം കാണില്ല. അതുകൊണ്ട് പരിചയപ്പെടുത്തലാവാം ആദ്യം. ഏറ്റവും ഇടതുവശത്ത് തായ് വാന്റെ പ്രസിഡന്റ് സായ് ലിങ് വെൻ, അതു കഴിഞ്ഞ് ഫിൻലൻഡിന്റെ പ്രധാനമന്ത്രി സന മാരിൻ, കേരളത്തിന്റെ ആരോഗ്യമന്ത്രി ശ്രീമതി കെ.കെ ശൈലജ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ജെസിൻഡ ആർഡൻ, ജർമൻ ചാൻസലർ ആംഗല മെർക്കൽ എന്നിവരാണ്.

ഇവർക്കൊരു സാമ്യമുണ്ട്. കൊറോണ വൈറസ് ബാധയുടെ കാലത്ത് വനിതാ നേതാക്കൾ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവോ എന്ന ചോദ്യത്തിനുത്തരമായി ചൂണ്ടിക്കാട്ടപ്പെടുന്ന പേരുകളിൽ ചിലതിന്റെ ഉടമകളാണ്.

ഇവിടെ കേരളത്തിൽ നിപ്പ വന്നതുപോലെ അവിടെ വന്ന സാർസിൽ നിന്ന് അവർ പാഠം പഠിച്ചുവെന്നാണ് മനസിലാക്കേണ്ടത്. അതിനു ശേഷം നാഷണൽ ഹെൽത് കമാൻഡ് സെന്റർ സ്ഥാപിച്ചിടം തൊട്ട് അവരുടെ തയ്യാറെടുപ്പ് തുടങ്ങി..

എല്ലാ ദിവസത്തെയും പ്രസ് കോൺഫറൻസും എയർപോർട്ടിലെ സ്‌ക്രീനിങ്ങും കോണ്ടാക്റ്റ് ട്രേസിങ്ങുമെല്ലാം അവിടെയും കാണാൻ കഴിയും. ഫലമോ ചൈനയോട് തൊട്ടടുത്ത് കിടന്നിട്ടും തായ് വാൻ ആകെ റിപ്പോർട്ട് ചെയ്തത് 440 കേസുകൾ മാത്രമാണ്.

വൈറസ് കേരളത്തിൽ എത്തുന്നതിനു മുൻപ് അവിടെ എത്തിയിട്ടുമുണ്ട്. എന്നിട്ടും വെറും എട്ട് മരണങ്ങൾ മാത്രമേ ആ രാജ്യത്ത് റിപ്പോർട്ട് ചെയ്തുള്ളൂ.

അടുത്തത് സന മാരിനാണ്. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരികളിൽ ഒരാൾ. മൂവായിരത്തിലേറെ മരണങ്ങൾ നടന്ന സ്വീഡന്റെ തൊട്ടടുത്ത് കിടക്കുന്ന രാജ്യമാണ് സനയുടെ ഫിൻലാൻഡ്. ആറായിരത്തിലധികം കേസുകളുണ്ടെങ്കിലും അവിടെ അതിൽ 4000ൽ ഏറെ ആളുകൾ റിക്കവർ ചെയ്തുകഴിഞ്ഞു.

അതുപോലെയൊരു മന്ത്രിസഭ ഒരുപക്ഷേ ഇവിടെ സങ്കല്പിക്കാൻ പോലുമാവില്ല. ചുറ്റുമുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പൊ ഫിൻലൻഡിന്റെ കേസുകളും റിക്കവറി റേറ്റും അത്ര മോശമെന്ന് പറയാനാവില്ല.

ഏതാനും മാസങ്ങൾ പ്രായമായ ഒരു മന്ത്രിസഭയുടെ മുന്നിലേക്ക് പാൻഡമിക് വരുമ്പൊ അതിനെ കൈകാര്യം ചെയ്യുകയെന്നത് ഒരു വലിയ വെല്ലുവിളിതന്നെയാണ്. കേരളത്തിന്റെ സ്റ്റാറ്റസ്റ്റിക്‌സോ ഇവിടെ ചെയ്ത പ്രവർത്തനങ്ങളോ വിശദീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. നിപ്പയുടെ സമയത്തും കൊറോണയുടെ സമയത്തുമുള്ള കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെയും അതിലെ ആശാ പ്രവർത്തകർ തൊട്ട് ആരോഗ്യമന്ത്രി വരെയുള്ളവരുടെയും അദ്ധ്വാനത്തിന്റെ ഫലം കടലാസിൽ മാത്രമല്ല വിദേശിയും സ്വദേശിയുമായ വാർത്തകളിൽ വരെ തെളിഞ്ഞ് കാണാം.

ജസിൻഡ ആർഡനെപ്പറ്റിയും പല തവണ എഴുതിക്കഴിഞ്ഞതാണ്. ന്യൂസിലാൻഡിൽ ആകെ 1498 കേസുകളിൽ 21 പേർ മാത്രമാണ് മരണപ്പെട്ടത് എന്നത് മാത്രമല്ല പ്രത്യേകത. ആക്ടീവ് കേസുകളുടെ എണ്ണം വെറും അൻപത്തിയാറാണ്. ആകെ ആശുപത്രിയിലുള്ളത് രണ്ടേരണ്ടുപേർ…

അവിടെ മാത്രമൊതുങ്ങുന്നില്ല. മാനുഷിക പരിഗണനയോടെയുള്ള പ്രവർത്തനങ്ങളാണ് അവിടെ കൂടുതലും നടപ്പാക്കിയിരുന്നതെന്നാണ് അവിടെയുള്ള സുഹൃത്തുക്കളോട് സംസാരിക്കവേ മനസിലാക്കാൻ കഴിഞ്ഞത്. തുടർച്ചയായുള്ള പത്രസമ്മേളനങ്ങളുടെയൊക്കെ കഥ അവിടെയും ആവർത്തിക്കുന്നത് കാണാം.

മെർക്കലിനെക്കുറിച്ച് പറയുന്നത് അവരുടെ വിവരങ്ങൾ വിശദീകരിക്കുന്നതിലെ ശാന്തതയും കൃത്യതയുമാണ്. ഒന്നേമുക്കാൽ ലക്ഷത്തോളം പേർ ജർമനിയിൽ രോഗം ബാധിക്കപ്പെട്ടവരായി ഉണ്ടായിരുന്നിട്ടും അതിൽ ഒന്നര ലക്ഷത്തോളം പേർ രോഗവിമുക്തരായി.

എന്തുകൊണ്ടാണ് മുൻ കരുതലുകൾ എടുക്കേണ്ടതെന്നും രോഗവ്യാപനം തടയേണ്ടതെന്നും വിശദീകരിക്കുന്ന അവരുടെ ഒരു വീഡിയോ ഒരുപാട് ആളുകളിലേക്ക് എത്തിയിരുന്നു. കൃത്യം കണക്കുകൾ വച്ചുള്ള ഒന്ന്.

ഇവർ മാത്രമല്ല, ഇതേ ചോദ്യം ചർച്ച ചെയ്യുന്ന ഗാർഡിയന്റെ ലേഖനം ചൂണ്ടിക്കാട്ടുന്ന ചെറുതും വലുതുമായ രാജ്യങ്ങളിലെ വനിതാ നേതാക്കളുടെ നീണ്ട ഒരു നിരയുണ്ട്.

സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം പകരാനും അവർക്ക് നിർദേശം നൽകാനും ഇച്ഛാശക്തിയും സ്ഥൈര്യവുമുള്ള സ്ത്രീകളുടെ ഒരു നീണ്ട നിര. മോശം പ്രകടനം നടത്തിയവരുമുണ്ട് എങ്കിലും അവരുടെ എണ്ണം വളരെ ചുരുക്കമാണ്.

ഈ അവസരത്തിൽ ആലോചിക്കേണ്ട ഒരു വസ്തുതയുണ്ട്. ജനസംഖ്യയിൽ ഏതാണ്ട് പാതിയോളം തന്നെ സ്ത്രീകളുള്ള ഈ ലോകത്ത് അധികാരത്തിൽ ആ അൻപത് ശതമാനത്തെ പ്രതിനിധാനം ചെയ്യാൻ എത്ര ശതമാനം സ്ത്രീകളുണ്ടെന്ന്?

ആലോചിച്ച് തല പുണ്ണാക്കണ്ട. 24.3% സ്ത്രീകളാണ് ലോകത്തെ എല്ലാ പാർലമെന്റേറിയന്മാരുടെയും കണക്കെടുത്താൽ അതിലെ വനിതാ പ്രാതിനിദ്ധ്യം. 1995 ൽ ഇത് 11.3% ആയിരുന്നു. വെറും മൂന്നേ മൂന്ന് രാജ്യങ്ങളിലാണ് അൻപത് ശതമാനത്തിനു മുകളിലുള്ളത് എന്നുകൂടി അറിയണം.

അണുനാശിനിക്ക് വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ ഉടൻ തന്നെ ‘ എങ്കിൽ അണു നാശിനി കുത്തിവച്ചൂടേ? ‘ എന്ന് ചോദിക്കില്ല .

എന്ന് മാത്രമല്ല, കൊറോണ വൈറസ് ബാധയുടെ സമയത്ത് അങ്ങനെ മറ്റൊരു രാഷ്ട്രത്തലവൻ പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പൊ അത് ഒഴിവാക്കി വിടാൻ ഔചിത്യവും കാണിക്കുന്ന നേതൃനിരയാണ് ഇത്.

അൻപത് ശതമാനം സ്ത്രീകളെ പ്രതിനിധീകരിക്കുന്നവരുടെ എണ്ണം ഇത്രയിലൊതുങ്ങിപ്പോയത് കഴിവുള്ളവർ ഇല്ലാഞ്ഞിട്ടല്ല എന്നുകൂടിയുള്ളതിന്റെ തെളിവാണ് ഇവർ. ഇവർ മാത്രമല്ല, മികച്ച രീതിയിൽ പെർഫോം ചെയ്യുന്ന മറ്റ് വനിതാ നേതാക്കളും.

വൈറസിനെ തോല്പിച്ച് കഴിയുമ്പൊ, അല്ലെങ്കിൽ വൈറസിനൊപ്പം ജീവിക്കാൻ പഠിച്ച് കഴിയുമ്പൊ ഒരിക്കൽ ശരിയെന്ന് കരുതി പിന്തുടർന്നിരുന്ന തെറ്റുകൾ തിരുത്തുന്ന കൂട്ടത്തിൽ തിരുത്തേണ്ടുന്ന ഒരു തെറ്റാണ് ആ പഴയ ചൊല്ല് എന്നുള്ളതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ..

Exit mobile version