കുടുംബശ്രീക്ക് 22 വയസ്സ്; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കുടുംബശ്രീയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തിന് ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികമണിന്ന്. രണ്ടു ദശകത്തില്‍ പരം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ കുടുംബശ്രീയ്ക്ക് സാധിച്ചു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് വിഭാവനം ചെയ്ത കുടുംബശ്രീയില്‍ ഇന്ന് 2.96 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.- മുഖ്യമന്ത്രി പറഞ്ഞു.

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന രീതികളിലൂടെ സമൂഹത്തിന്റെ പുരോഗതിക്ക് ആക്കം നല്‍കുന്നതില്‍ ഇക്കാലയളവില്‍ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനും കൂടുതല്‍ ചലനാത്മകമാക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകാരങ്ങള്‍ നേടിക്കൊടുക്കുകയുണ്ടായി.

സംസ്ഥാനം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ സമയത്ത് ആയിരക്കണക്കിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍, ജനകീയ ഹോട്ടലുകള്‍, വയോജനങ്ങളുടെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെയും പരിരക്ഷ, മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണം, കൗണ്‍സിലിംഗ് പിന്തുണ തുടങ്ങി നിര്‍ണായകമായ നിരവധി സേവനങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നു. പ്രളയകാലങ്ങളിലും നിസ്തുലമായ സേവനമാണ് അവര്‍ നിര്‍വഹിച്ചത്. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ജനക്ഷേമപദ്ധതികള്‍ സാധാരണക്കാര്‍ക്കിടയില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കുടുംബശ്രീ നല്‍കുന്ന സഹായം വളരെ വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ തരത്തില്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ഒഴിച്ചു നിര്‍ത്താനാവാത്ത സാന്നിദ്ധ്യമായി കുടുംബശ്രീ മാറിക്കഴിഞ്ഞു. സ്ത്രീകളുടേയും സാധാരണക്കാരുടേയും ജീവിതത്തെ ധനാത്മകമായി മാറ്റിയതിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തിളക്കമുള്ള ഒരു അധ്യായം കുടുംബശ്രീ പ്രസ്ഥാനം എഴുതിച്ചേര്‍ത്തു കഴിഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കീഴടക്കാനുണ്ട്. അതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. ഈ വാര്‍ഷിക ദിനം കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു പോകാന്‍ പ്രചോദനമാകട്ടെ. എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു- മുഖ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കുടുംബശ്രീ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ ഇരുപത്തിരണ്ടാം വാര്‍ഷികമണിന്ന്. രണ്ടു ദശകത്തില്‍ പരം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിലും സാമൂഹ്യ-സാമ്പത്തിക മേഖലകളുടെ ഉന്നമനത്തിലും നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ കുടുംബശ്രീയ്ക്ക് സാധിച്ചു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്ന അന്നത്തെ ഇടതുപക്ഷ ഗവണ്‍മെന്റ് വിഭാവനം ചെയ്ത കുടുംബശ്രീയില്‍ ഇന്ന് 2.96 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 44 ലക്ഷം അംഗങ്ങളാണുള്ളത്.

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന രീതികളിലൂടെ സമൂഹത്തിന്റെ പുരോഗതിക്ക് ആക്കം നല്‍കുന്നതില്‍ ഇക്കാലയളവില്‍ കുടുംബശ്രീ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദാരിദ്ര്യ ലഘൂകരണത്തിലൂടെ സാധാരണക്കാരുടെ ജീവിതത്തെ മെച്ചപ്പെടുത്താനും കൂടുതല്‍ ചലനാത്മകമാക്കാനും കുടുംബശ്രീയ്ക്ക് സാധിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പോലും അംഗീകാരങ്ങള്‍ നേടിക്കൊടുക്കുകയുണ്ടായി.

സംസ്ഥാനം കോവിഡ് മഹാമാരിയെ നേരിടുന്ന ഈ സമയത്ത് ആയിരക്കണക്കിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിറ്റി കിച്ചണുകള്‍, ജനകീയ ഹോട്ടലുകള്‍, വയോജനങ്ങളുടെയും പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവരുടെയും പരിരക്ഷ, മാസ്‌ക്, സാനിറ്റൈസര്‍ നിര്‍മ്മാണം, കൗണ്‍സിലിംഗ് പിന്തുണ തുടങ്ങി നിര്‍ണായകമായ നിരവധി സേവനങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നു. പ്രളയകാലങ്ങളിലും നിസ്തുലമായ സേവനമാണ് അവര്‍ നിര്‍വഹിച്ചത്. ഇത്തരം ഘട്ടങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ജനക്ഷേമപദ്ധതികള്‍ സാധാരണക്കാര്‍ക്കിടയില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കുടുംബശ്രീ നല്‍കുന്ന സഹായം വളരെ വലുതാണ്.

കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ കുടുംബശ്രീയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ സര്‍ക്കാരിനു സാധിച്ചു. സംഘടനാ സംവിധാനം മുന്‍പൊന്നുമില്ലാത്ത വിധം വളരുകയുണ്ടായി. 42000 ത്തോളം പൊതു അയല്‍ക്കൂട്ടങ്ങളും, 25000 ത്തോളം വയോജന അയല്‍ക്കൂട്ടങ്ങളും 3000 ത്തോളം ഭിന്നശേഷി അയല്‍കൂട്ടങ്ങളും ഇക്കാലയളവില്‍ രൂപീകരിക്കപ്പെട്ടു. 45000 ത്തോളം സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു. ലിങ്കേജ് വായ്പയിലൂടെ മാത്രം ഇക്കാലയളവില്‍ 11,000 കോടിയിലധികം രൂപ കുറഞ്ഞ പലിശയ്ക്ക് സാധാരണക്കാര്‍ക്കിടയില്‍ വിതരണം ചെയ്തു.100 കോടിയില്‍ അധികം തുക കുടുംബശ്രീ മുഖേന മാത്രം ചിലവഴിച്ചുകൊണ്ട് പ്രവര്‍ത്തനരഹിതമായിരുന്ന ആശ്രയ പദ്ധതി അഗതി രഹിത കേരളമെന്ന നിലയില്‍ പുന:സംഘടിപ്പിച്ചു. 1.65 ലക്ഷം ഗുണഭോക്താക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. സ്‌നേഹിത സെന്റര്‍ 14 ജില്ലകളിലേക്കും വ്യാപിപ്പിച്ചു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീതം ക്യാമ്പയിന്‍, സ്ത്രീ പദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി അയല്‍ക്കൂട്ട ചര്‍ച്ചകള്‍ എന്നിവ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു

ഈ തരത്തില്‍ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലകളില്‍ ഒഴിച്ചു നിര്‍ത്താനാവാത്ത സാന്നിദ്ധ്യമായി കുടുംബശ്രീ മാറിക്കഴിഞ്ഞു. സ്ത്രീകളുടേയും സാധാരണക്കാരുടേയും ജീവിതത്തെ ധനാത്മകമായി മാറ്റിയതിലൂടെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ തിളക്കമുള്ള ഒരു അധ്യായം കുടുംബശ്രീ പ്രസ്ഥാനം എഴുതിച്ചേര്‍ത്തു കഴിഞ്ഞു. ഇനിയും ഒരുപാട് ഉയരങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കീഴടക്കാനുണ്ട്. അതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും. ഈ വാര്‍ഷിക ദിനം കൂടുതല്‍ ഊര്‍ജസ്വലമായി മുന്നോട്ടു പോകാന്‍ പ്രചോദനമാകട്ടെ. എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു.

Exit mobile version