ലോക്ക്ഡൗൺ കാലത്ത് ഓടിക്കാനാകാതെ ഓട്ടോ വീട്ടുമുറ്റത്ത് കിടന്നു നശിച്ചു; തൂക്കി വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കൂലിപ്പണിക്ക് ഇറങ്ങി

തൃശ്ശൂർ: ലോക്ക്ഡൗൺ കാലത്ത് ഓടിക്കാനാകാതെ വന്നതോടെ വീട്ടുമുറ്റത്ത് കിടന്ന് നശിച്ച ഓട്ടോറിക്ഷ സഹജീവി നന്മയ്ക്കായി ഉപയോഗിച്ച് ഓട്ടോ ഡ്രൈവർ രമേഷിന്റെ മാതൃക. 15 വർഷം പഴക്കമുള്ള ഓട്ടോ വീട്ടുപരിസരത്തുകിടന്ന് പൊടിഞ്ഞുതുടങ്ങിയതോടെയാണ് ഇത് നാടിന് ഗുണംചെയ്യട്ടെയെന്ന് രമേഷ് തീരുമാനിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് ഓട്ടോ വിറ്റുകിട്ടയ 6000 രൂപയാണ് രമേഷ് നൽകിയത്. കിഴക്കേവെള്ളാനിക്കര സ്വദേശി രമേഷ് ഇപ്പോൾ കുടുംബം പോറ്റാൻ കൂലിപ്പണിക്കുപോവുകയാണ്. വാടകവീട്ടിലാണ് ഇദ്ദേഹവും കുടുംബവും താമസിക്കുന്നത്. എങ്കിലും ഓട്ടോ വിറ്റ് കിട്ടയ പണം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിക്കാതെ നാടിനായി സമർപ്പിക്കുകയായിരുന്നു ഇദ്ദേഹം.

പാഴ്‌വസ്തുവായി മാറിയ ഓട്ടോറിക്ഷ ഏറ്റുവാങ്ങി പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത് പ്രദേശത്തെ എഐവൈഎഫ് പ്രവർത്തകരാണ്. 15 കൊല്ലം പഴക്കമുള്ള ഓട്ടോറിക്ഷയായിരുന്നെങ്കിലും അതായിരുന്നു രമേഷിന്റെ ഉപജീവനമാർഗം. യാത്രക്കാർക്കുവേണ്ടിയല്ല, കടകളിൽ സാധനങ്ങൾ എത്തിക്കാനാണ് വണ്ടി ഉപയോഗിച്ചിരുന്നത്. മുമ്പേ പരിതാപകരമായിരുന്നു ഓട്ടോയുടെ ആരോഗ്യം. ഷെഡ്ഡിൽ കയറ്റിയപ്പോൾ ദയനീയമായി.

ഓട്ടോ വിൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 15 കൊല്ലം പിന്നിട്ടതിനാൽ, വീണ്ടും ടെസ്റ്റ് കഴിഞ്ഞുവേണം ഓടിക്കാൻ. അതിന് വലിയ ചെലവ് വരുമായിരുന്നു. എഐവൈഎഫ് മാടക്കത്തറ മേഖലാ കമ്മിറ്റിയുടെ പ്രവർത്തകർ ദുരിതാശ്വസനിധിയിലേക്ക് തുകകണ്ടെത്താൻ വീടുകളിലെ പത്രം, ആക്രിസാധനങ്ങൾ, പഴയ പാത്രങ്ങൾ തുടങ്ങിയവ ശേഖരിച്ചുവരുന്നതിനിടയിലാണ് രമേഷ് ഓട്ടോയുമായി സമീപിച്ചത്. ജീവിതദുരിതത്തിലും സത്പ്രവൃത്തിക്കു തയ്യാറായ രമേഷിനെ ചീഫ് വിപ്പ് കെ രാജൻ പൊന്നാടയണിയിച്ചു ആദരിച്ചു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ടിആർ രമേഷ്‌കുമാർ, രാകേഷ് കണിയാംപറമ്പിൽ, പ്രസാദ് പറേരി, കനിഷ്‌കൻ, എൽദോ എന്നിവരും പങ്കെടുത്തു.

Exit mobile version