മന്ത്രി എസി മൊയ്തീന്‍ ഹോം ക്വാറന്റീന്‍ പോവേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്: 26 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണം

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീന്‍ ഹോം ക്വാറന്റീന്‍ പോവേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്. എന്നാല്‍ ഈ മാസം 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. കോവിഡ് രോഗികളുമായി ഇടപഴകിയെന്നായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണം.

വാളയാര്‍ ചെക്‌പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ മന്ത്രി അധ്യക്ഷത വഹിച്ചിരുന്നു. ഈ യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ക്കും ഹോം ക്വാറന്റീന്‍ ആവശ്യമില്ലെന്ന് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കി.

യോഗത്തില്‍ മന്ത്രി എസി മൊയ്തീനും ജില്ലാ കലക്ടര്‍ എസ് ഷാനവാസും ഉള്‍പ്പെടെയുള്ളവര്‍ മുഖാവരണം ധരിച്ചിരുന്നതായും ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നതായും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. പക്ഷേ, ഇവര്‍ പൊതുപരിപാടികള്‍ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കണം. മേയ് പന്ത്രണ്ടു മുതല്‍ 26 വരെയാണ് ഇതു ബാധകം.

Exit mobile version