യുഡിഎഫ് എംപിമാരോടും എംഎല്‍എമാരോടും ക്വാറന്റീനില്‍ പോകണമെന്ന് പറഞ്ഞതിന് പിന്നാലെ മന്ത്രി എസി മൊയ്തീനും ക്വാറന്റീന്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്; മന്ത്രിയുടെ വീടിന് മുന്നില്‍ പ്രതിഷേധം

തൃശൂര്‍: മന്ത്രി എ.സി മൊയ്തീനും ക്വാറന്റീന്‍ ബാധകമാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ ദിവസം രണ്ട് യുഡിഎഫ് എംപിമാരും രണ്ട് എംഎല്‍എമാരും ക്വാറന്റീനില്‍ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി എ.സി മൊയ്തീനും ക്വാറന്റീന്‍ ബാധകമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മന്ത്രിക്കും ക്വാറന്റീന്‍ ബാധകമാക്കണമെന്നാവശ്യപ്പെട്ട് എസി മൊയ്തീന്റെ തെക്കുംകരയിലുള്ള വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായെത്തി. മന്ത്രി കൊവിഡ് ബോംബ്, ക്വാറന്റീലാക്കുക എന്ന മുദ്രാവാക്യവുമുയര്‍ത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് യൂത്ത് കോണ്‍ഗ്രസുകാരെ അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി രംഗത്തെത്തി. അത്യാവശ്യം യോഗങ്ങളില്‍ മാത്രമേ താന്‍ പങ്കെടുക്കുന്നുള്ളൂവെന്നും ഇതുവരെയും മെഡിക്കല്‍ ബോര്‍ഡിന്റെ ഒരു നിര്‍ദേശവും തനിക്ക് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മെഡിക്കല്‍ ബോര്‍ഡ് ക്വാറന്റീനില്‍ പോകണമെന്ന് പറഞ്ഞാല്‍ താന്‍ അത് അനുസരിക്കുമെന്നും അവരുടെ ഏത് നിര്‍ദേശവും അനുസരിക്കാന്‍ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമായെത്തിയപ്പോള്‍ മന്ത്രി വീട്ടിലുണ്ടായിരുന്നു.

Exit mobile version