നാളുകള്‍ക്കിപ്പുറം ഒത്തുകൂടി, സ്വന്തം നാടിന് വേണ്ടി; തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് സ്വരൂപിച്ച് നല്‍കിയത് 13 ലക്ഷം രൂപ, വലിയ മാതൃക

തൃശ്ശൂര്‍: മഹാമാരിയായ കൊവിഡ് 19 ല്‍ നിന്ന് കരകയറാനുള്ള കഠിന പരിശ്രമത്തിലാണ് ലോകം. കേരളവും ഈ മഹാമാരിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലുമാണ്. സാമൂഹിക വ്യാപനം എന്ന വിപത്ത് കേരളത്തിന്മേല്‍ വീഴാതിരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്‍പോട്ട് പോവുകയാണ്.

ഈ ദുരിത നാളില്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് കൈ താങ്ങായി നിരവധി പേരാണ് എത്തുന്നത്. ഇപ്പോള്‍ ഏറ്റവും വലിയ മാതൃകയാവുകയാണ് തൃശ്ശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. സ്വന്തം നാടിനെ കരകയറ്റാന്‍ പഠിച്ചിറങ്ങിയ 20 ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ് ഒത്തുകൂടിയത്. ഇവര്‍ എല്ലാവരും ഒത്തുകൂടി സമാഹരിച്ചതാകട്ടെ 13 ലക്ഷം രൂപയും.

രണ്ടര ലക്ഷം മുതല്‍ നാല് അഞ്ച് ലക്ഷം മാത്രം ലക്ഷ്യമിട്ടിടത്താണ് 13 ലക്ഷം രൂപ ഇവര്‍ക്ക് സ്വരൂപിക്കാനായത്. ഇത്രയും വലിയ തുക സമാഹരിക്കാനായത് വലിയ ചാരിതാര്‍ത്ഥ്യമായി ഇവര്‍ കാണുന്നു. തുക മന്ത്രി എസി മൊയ്തീന്‍ ഏറ്റുവാങ്ങി. അദ്ദേഹമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. നിരവധി പേര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. ആശംസാ പ്രവാഹമാണ് ഇപ്പോള്‍ ഇവര്‍ക്ക്. നാടിന് വേണ്ടി നടത്തിയ ഇവരുടെ ഈ പ്രവര്‍ത്തനം മറ്റുള്ളവര്‍ക്ക് ഒരു വലിയ മാതൃക കൂടിയാണ്.

Exit mobile version