സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ശൈലി അല്ല കേന്ദ്രത്തിലേത്; ഈയവസരത്തിൽ രാഷ്ട്രീയം കളിക്കരുത്; മുഖ്യമന്ത്രി മലർന്നു കിടന്നു തുപ്പുന്നു; വിമർശിച്ച് വി മുരളീധരൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങൾ താൻ അറിയുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പിണറായി വിജയനെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മാത്രം കത്തെഴുതുന്ന ആളാണ്. ഉദ്യോഗസ്ഥ ചർച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. എന്റെ വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ അറിയില്ലെന്ന് അദ്ദേഹം കരുതുന്നതിന് പകരം അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥർ എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രവുമായി കൈമാറുന്നത് എന്ന് അന്വേഷിച്ച് അറിയുകയാണ്. പ്രവാസികളോട് കുറച്ചുകൂടി ഉത്തരവാദിത്തം കേരളം കാണിക്കണം. കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ കൊണ്ടുവരാൻ തയ്യാറാണെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. സർക്കാർ അവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചാൽ മാത്രം പോര. കൂടുതൽ പേരെ കൊണ്ടുവന്നാൽ അവർ വിമാനത്താവളത്തിൽ കാത്തുനിൽക്കേണ്ടി വരും. സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈനിൽ 14 ദിവസം പാർപ്പിക്കാൻ കേരളം തയ്യാറാകണം.

ഈ അവസരത്തിൽ രാഷ്ട്രീയം കളിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രി മലർന്നുകിടന്നു തുപ്പരുത്. കേരള സർക്കാരിന്റെ തയ്യാറെടുപ്പുകളുടെ കാര്യത്തിലാണ് പോരായ്മ ഉള്ളത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ വാളയാറിൽ തടഞ്ഞത് സൗകര്യം ഇല്ലാഞ്ഞിട്ടാണ്. തയ്യാറാണെന്ന് പറഞ്ഞ ശേഷം വാളയാറിൽ ആളുകളെ തടഞ്ഞ പോലെ എയർപോർട്ടിൽ തടയരുത്’, വി. മുരളീധരൻ പറഞ്ഞു.

കേരളത്തിലെ ക്വാറന്റൈൻ സംവിധാനത്തിന്റെ അപര്യാപ്തത വ്യക്തമാണ്. സർക്കാർ കേന്ദ്രമാനദണ്ഡം പാലിച്ച് ക്വാറന്റൈൻ സർവീസ് ഏർപ്പെടുത്തിയാൽ കൂടുതൽ വിമാന സർവീസ് ഏർപ്പെടുത്തുമെന്നും മുരളീധരൻ പറഞ്ഞു.

1,35000 മുറി തയ്യാറാക്കിയെന്നും കൂടുതൽ മുറികൾ വേണമെങ്കിൽ തയ്യാറാക്കുമെന്നും സംസ്ഥാനം പറഞ്ഞു. എന്നാൽ കേന്ദ്രസർക്കാർ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈൻ ഏഴ് ദിവസമായി സംസ്ഥാനം വെട്ടിക്കുറച്ചു. കേരളത്തിന്റെ തയ്യാറെടുപ്പുകൾ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വി മുരളീധരൻ പറഞ്ഞു. കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ അയക്കാൻ കേന്ദ്രം തയ്യാറാണ്. പക്ഷേ വരുന്നവർ പെരുവഴിയിൽ നിൽക്കാനുള്ള അവസ്ഥ വരരുത്. സംസ്ഥാനത്തിന് സ്വീകരിക്കാൻ കഴിയുന്നത്ര വിമാനങ്ങളേ കൊണ്ടുവരൂ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്ര ആളുകൾ വന്നാലും സ്വീകരിക്കാൻ തയ്യാറാണെന്ന് കേരളം പറഞ്ഞാൽ റെയിൽവേയുമായി സംസാരിക്കാനും ട്രെയിൻ ഏർപ്പെടുത്താനും തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു.

Exit mobile version