കോഴിയിറച്ചിക്ക് വില കുതിച്ചുയരുന്നു, 200രൂപയില്‍ കൂടരുതെന്ന് അധികൃതര്‍, ചിക്കന്‍ സ്റ്റാളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തില്‍

കോഴിക്കോട്: ജനങ്ങള്‍ ലോക്ക് ഡൗണില്‍ കഴിയുന്നതിനിടെ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിക്കോട് ജില്ലയില്‍ 220 രൂപയാണ് കോഴിയിറച്ചിയുടെ വില. ജില്ലയില്‍ ഒരാഴ്ചക്കിടെ അറുപത് രൂപയുടെ വര്‍ദ്ധനവാണ് കോഴിയിറച്ചിക്കുണ്ടായത്.

160 രൂപയായിരുന്നു ഒരാഴ്ചമുമ്പ് വരെ ജില്ലയില്‍ ഒരു കിലോ കോഴിയിറച്ചിയുടെ വില. എന്നാല്‍ ഇപ്പോള്‍ 220 രൂപയില്‍ എത്തിയിരിക്കുകയാണ്. ലെഗോണ്‍ കോഴിക്ക് 185 രൂപയാണ്. വ്യാപാരികള്‍ വില വര്‍ധിപ്പിച്ചതോടെ അധികൃതര്‍ ഇടപ്പെട്ടു. കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപയ്ക്ക് മുകളില്‍ വില്‍ക്കരുതെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

ഇതില്‍ പ്രതിഷേധിച്ച് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചു. ഫാമുകളില്‍ നിന്ന് ഉയര്‍ന്ന വിലയ്ക്ക് ലഭിക്കുന്ന കോഴി നിലവിലെ വിലയ്ക്കല്ലാതെ വില്‍പന നടത്തുന്നത് വ്യാപാരികളെ നഷ്ടത്തിലാക്കുമെന്നാണ് വ്യാപരികള്‍ പറയുന്നത്.

ഇതേതുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് ചിക്കന്‍ സ്റ്റാളുകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സമയത്ത് കോഴിയിറച്ചിയുടെ വില കുത്തനെ കുറഞ്ഞിരുന്നു. ഇത് വ്യാപാരികളെ നഷ്ടത്തിലാക്കി. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിക്കന് ആവശ്യക്കേരെറിയതോടെ വിലയും കുതിച്ചുയരുകയായിരുന്നു.

Exit mobile version