രാഷ്ട്രീയ നാടകം കളിക്കാനുള്ള സമയമല്ലിത്, ഉത്തരവാദിത്വത്തോടെ പെരുമാറണം; കൃത്യമായ രേഖകളില്ലാതെ എത്തുന്നവർ പ്രതിരോധത്തെ തകർക്കും: വാളയാറിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: വാളയാറിൽ വെച്ച് കൊവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ ജനപ്രതിനിധികളടക്കം ക്വാറന്റൈനിൽ പോയ സംഭവം ഒഴിവാക്കേണ്ടതായിരുന്നു എന്ന് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവർ അത്തരത്തിൽ പെരുമാറണമെന്നും രാഷ്ട്രീയ നാടകം കളിക്കേണ്ട സമയമല്ലിതെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘വാളയാർ ചെക്‌പോസ്റ്റിൽ ജനങ്ങളെ കടത്തി വിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന 130 ഓളം യാത്രക്കാരെയും മാധ്യമപ്രവർത്തകരെയും പോലീസിനെയും മറ്റ് നാട്ടുകാരെയും 14 ദിവസത്തേക്ക് വീടുകളിൽ ഹോം ക്വാറന്റീനിലാക്കും. ഇവരിൽ ലക്ഷണമുള്ളവരെ സ്രവം പരിശോധിക്കണം എന്നാണ് പാലക്കാട് മെഡിക്കൽ റിപ്പോർട്ട്. വാളയാറിൽ പോയ ജനപ്രതിനിധികളടക്കമുള്ളവരെ ക്വാറന്റൈനിലാക്കിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട ഘട്ടമല്ലിത്,’ മുഖ്യമന്ത്രി പറഞ്ഞു.

‘കൃത്യമായ രേഖകളും പരിശോധനകളുമില്ലാതെ അതിർത്തി കടന്നെത്തുന്നത് നമ്മുടെ സംവിധാനങ്ങളെ തകർക്കും. അങ്ങനെയുണ്ടായാൽ സമൂഹമാണ് പ്രതിസന്ധിയിലാവുന്നത്. ഇക്കാര്യം പറയുമ്പോൾ മറ്റു രീതിയിൽ ചിത്രീകരിക്കേണ്ടതില്ല, അനധികൃതമായി അതിർത്തി കടന്നെത്തുന്നവരെയും അതിന് സഹായം ചെയ്യുന്നവരെയും തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്’. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാളയാർ ചെക്‌പോസ്റ്റ് വഴി എത്തിയ ആൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സഹയാത്രികരായിരുന്ന എട്ട് പേർ ഹൈ റിസ്‌ക് പ്രൈമറി കോൺടാക്ടായി കണക്കാക്കി നിരീക്ഷണത്തിലാണ്. ഈ സമയത്ത് ഇവിയെടുണ്ടായിരുന്ന 130 യാത്രക്കാർ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, പോലീസുകാർ എന്നിവരെ ലോ റിസ്‌ക് കോൺടാക്ടിൽ ഉൾപ്പെടുത്തി ഹോം ക്വാറന്റൈനിൽ അയക്കണമെന്നാണ് തീരുമാനം. സംസ്ഥാനത്ത് ഇന്ന് പുതുതായി 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്കാണ് ഇന്ന് രോഗം ഭേദമായത്.

Exit mobile version