ബിരുദതല പരീക്ഷകള്‍ക്കും ചോദ്യം മലയാളത്തില്‍: ഒരേ യോഗ്യതയുള്ളവയ്ക്ക് ഒറ്റപ്പരീക്ഷ; മാറ്റത്തിനൊരുങ്ങി പിഎസ്‌സി

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബിരുദതലത്തില്‍ നടത്തുന്ന പരീക്ഷകള്‍ക്കും ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭ്യമാക്കാന്‍ തീരുമാനമായി. ഒരേ യോഗ്യതയുള്ള തസ്തികകളിലേക്ക് കോമണ്‍ പരീക്ഷ നടത്താനും ആലോചന. കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം.

നിലവില്‍ പത്താം ക്ലാസ് വരെ യോഗ്യതയുള്ള പരീക്ഷകള്‍ക്കാണ് മലയാളത്തില്‍ ചോദ്യം നല്‍കുന്നത്. ബിരുദ പരീക്ഷകള്‍ക്കുള്‍പ്പെടെ മലയാളത്തില്‍ ചോദ്യം നല്‍കണമെന്ന ഏറെക്കാലമായുള്ള ആവശ്യം പിഎസ്‌സി തത്വത്തില്‍ അംഗീകരിച്ചിരുന്നു. ഇനി ഷെഡ്യൂള്‍ ചെയ്യാനിരിക്കുന്ന പരീക്ഷകള്‍ മുതല്‍ മലയാളത്തിലും ചോദ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. തമിഴ്, കന്നഡ മാധ്യമങ്ങളിലും ചോദ്യങ്ങള്‍ ലഭ്യമാക്കും.

ഓരോ തസ്തികകള്‍ക്ക് വെവ്വേറെ വിജ്ഞാപനമിറക്കി പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതാണ് പിഎസ്‌സിയുടെ നിലവിലെ രീതി. എന്നാല്‍ വിജ്ഞാപനം പ്രത്യേകമായിരിക്കെ തന്നെ ഒരേ യോഗ്യതയുള്ളവയ്ക്ക് ഒറ്റ പ്രിലിമിനറി പരീക്ഷ നടത്താനാണ് പിഎസ്‌സി ആലോചിക്കുന്നത്. പ്രിലിമിനറി പരീക്ഷക്ക് ശേഷം ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കും. പിന്നീട് ഷോര്‍ട്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഓരോ തസ്തികക്കും അനുസൃതമായി പ്രത്യേകം മെയിന്‍ പരീക്ഷ നടത്തുകയും ചെയ്യും.

പരീക്ഷ നടത്തിപ്പിന്റെ ചെലവ് കുറക്കലാണ് പ്രധാന ലക്ഷ്യം. ഓരോ തസ്തികയിലേക്കും വിശാലമായ ടെസ്റ്റ് നടത്തുമ്പോള്‍ അത്രയും ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പറും ഒഎംആറും പരീക്ഷാ കേന്ദ്രങ്ങളും തയ്യാറാക്കുന്നത് ഭാരിച്ച ചെലവ് വരുത്തിവെക്കുന്നുണ്ട്. പരീക്ഷക്ക് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിട്ടില്ല. ഇതോടെയാണ് പരീക്ഷ പരിഷ്‌കാരത്തിന് പി.എസ്.സി തയ്യാറെടുക്കുന്നത്.

Exit mobile version