20 ലക്ഷം കോടിയുടെ കേന്ദ്ര പാക്കേജ് പ്രായോഗികമല്ല; അടിയന്തരമായി ജനങ്ങളുടെ കൈയ്യിൽ പണമെത്തിക്കുകയാണ് വേണ്ടത്: തോമസ് ഐസക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ച പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രായോഗികമല്ലാത്തതെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. നഗരങ്ങളിൽ 80 ശതമാനം പേർക്ക് തൊഴിൽ നഷ്ടമുണ്ടായെന്നും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം ആരുടെയും കയ്യിൽ പണമില്ലാത്തതാണ്, അതുകൊണ്ട് അടിയന്തരമായി ജനങ്ങളുടെ കൈയിൽ പണമെത്തിക്കുകയായിരുന്നു ചെയ്യേണ്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു.

അന്ന് പ്രഖ്യാപിച്ച 1.70 കോടി രൂപയുടെ പാക്കേജിൽ സാധാരണക്കാർക്കുള്ള പദ്ധതികൾ ഒതുങ്ങി. സർക്കാർ ഖജനാവിൽ 30,000 കോടി മാത്രമാണുള്ളത്. ഏറ്റവും വലിയ പ്രഖ്യാപനം മൂന്നു ലക്ഷം കോടി വായ്പ സർക്കാരിന്റെ അക്കൗണ്ടിൽനിന്നല്ല, പകരം ബാങ്കുകളാണ് നൽകുന്നത്. ഇത്തരത്തിലാണോ 20 ലക്ഷം കോടി രൂപയുടെ കണക്കൊപ്പിക്കുന്നതെന്നും ധനമന്ത്രി ആരാഞ്ഞു.

ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന പ്രധാന പ്രശ്‌നം വായ്പകളുടെ തിരിച്ചടവാണ്. മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മൂന്നു മാസംകൂടി വീണ്ടും നീട്ടി നൽകുകയും ചെയ്തു. എന്നാൽ ഈ കാലയളവിലെ പലിശ കേന്ദ്രസർക്കാർ തന്നെ വഹിക്കണമായിരുന്നു. സംസ്ഥാന സർക്കാരിന്റെ ഈ ആവശ്യം പരിഗണിച്ചില്ല. കേന്ദ്ര പാക്കേജിൽ വ്യക്തത വരുത്താൻ ധനമന്ത്രിക്കായില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.

Exit mobile version