ആ സമരം ഞങ്ങള്‍ കണ്ടതാണ്, പിണറായി വിജയന്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ട; മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല.

തിരുവനന്തപുരം: യുഡിഎഫിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല. പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ ഒരു സമരം നടത്തി പന്ത്രണ്ടു മണിക്കൂര്‍കൊണ്ട് പിന്‍വലിച്ചോടിയ മുഖ്യമന്ത്രിയുടെ ഉപദേശം തങ്ങള്‍ക്ക് ആവശ്യമില്ലെന്നാണ് ചെന്നിത്തലയുടെ പരിഹാസം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരം സെക്രട്ടറിയേറ്റിലേക്കു മാറ്റിയ ബിജെപി നടപടിയെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇനി യുഡിഎഫ് അതിന്റെ പിന്നാലെ പോകുമെന്ന് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്.

‘ഇന്നലെ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാന്‍ തീരുമാനിച്ച ബിജെപിയുടെ നിലപാടിനെ അദ്ദേഹം സ്വാഗതം ചെയ്തു. എന്നിട്ട് അദ്ദേഹം ഒന്നുകൂടി പറഞ്ഞു, യുഡിഎഫ് ഇതിന്റെ പിന്നാലെ പോകുമെന്ന്. അദ്ദേഹം പണ്ട് സെക്രട്ടറിയേറ്റ് പടിക്കലൊരു സമരം നടത്തി. ആ സമരത്തില്‍ നിന്ന് പരാജയപ്പെട്ടപ്പോഴുണ്ടായ അനുഭവപാഠത്തില്‍ നിന്നാണ് അദ്ദേഹം ഇതൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് നല്ലതാണ്. സിപിഐഎം ഏതായാലും ഇനി അതുപോലൊരു സമരം നടത്തില്ല. ഞങ്ങളെന്ത് സമരം നടത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. ഞങ്ങളെ ഉപദേശിക്കാനേതായാലും പിണറായി വിജയന്‍ വരേണ്ട കാര്യമില്ല. കാരണം ഒരു സമരം പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തി പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് സമരം പിന്‍വലിച്ചോടിയ മുഖ്യമന്ത്രിയുടെ ഉപദേശമേതായാലും ഞങ്ങള്‍ക്ക് വേണ്ട. ‘ ചെന്നിത്തല പറഞ്ഞു.

ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള സമരം നടത്താനുള്ള ഊര്‍ജം യുഡിഎഫിനുണ്ട്. യുഡിഎഫ് അതു നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ രഹസ്യമായ ഒരു അജണ്ട തയ്യാറാക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ‘ആ അജണ്ടയിലുള്ള മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി പുറത്തുവിടണം. ഇവിടെ ബിജെപിയും കര്‍മ്മസമിതിയും പത്മകുമാറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കൂടി നടത്തിയ ചര്‍ച്ചയെന്താണ്. ആ രഹസ്യ അജണ്ടയെന്താണെന്ന് പുറത്തവിടണം. ബിജെപി ശബരിമലയിലെ സമരം നിര്‍ത്തിയതിനെ പരസ്യമായി സ്വാഗതം ചെയ്ത മുഖ്യമന്ത്രീ എന്താണ് നിങ്ങളു തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് എന്നറിയാന്‍ താല്‍പര്യമുണ്ട്.’ ചെന്നിത്തല പറഞ്ഞു.

ബി.ജെ.പിയുടെ സമരം സിപിഐ.എമ്മിന്റെ അനുഗ്രഹത്തോടെയുള്ള സമരമാണെന്ന് തുടക്കം മുതല്‍ തങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ദുര്‍ബലപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Exit mobile version