ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് കൊറോണ, തീഹാര്‍ ജയിലില്‍ പ്രതി നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യപ്പെട്ട യുവതിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ സമ്പര്‍ക്കവിലക്കിലാക്കി. മുന്‍കരുതലെന്നനിലയിലാണ് 14 ദിവസത്തെ സമ്പര്‍ക്കവിലക്കിലാക്കിയതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

പ്രതി ബലാത്സംഗംചെയ്ത യുവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് പ്രതിയേയും രണ്ടു സഹതടവുകാരെയും ജയില്‍ അധികൃതര്‍ സമ്പര്‍ക്കവിലക്കിലാക്കിയത്. രണ്ടാംനമ്പര്‍ ജയിലിലാണ് ഇപ്പോള്‍ ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. യുവതിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജയില്‍ അധികൃതര്‍ പ്രതിയുടെയും സഹതടവുകാരുടെയും പരിശോധന നടത്തിയിരുന്നു.

എന്നാല്‍ മൂന്നുപേരുടെയും ഫലം നെഗറ്റീവ് ആണ്. എങ്കിലും മുന്‍കരുതലെന്നനിലയിലാണ് 14 ദിവസത്തെ സമ്പര്‍ക്കവിലക്കിലാക്കിയതെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

സംസ്ഥാനത്ത് കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജയിലില്‍ പുതുതായി എത്തുന്നവരെയെല്ലാം പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ പുറത്തുനിന്നുള്ളവരുടെ സന്ദര്‍ശനം താത്കാലികമായി നിര്‍ത്തി. ജയില്‍ വാര്‍ഡുകള്‍ക്ക് പുറത്ത് തടവുകാരുടെ സഞ്ചാരത്തിനും പുറത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് കൊണ്ടുപോവുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തി.

Exit mobile version