വീട്ടില്‍ എത്തണമെന്ന് തോന്നി, ഫ്രണ്ടിന്റെ ബൈക്കും പാസും ഒപ്പിച്ച് ഒറ്റപറപ്പിക്കല്‍; രണ്ട് ദിവസം ഉറക്കമില്ലാതെ 1300 കിലോ മീറ്ററുകള്‍ തനിച്ച് താണ്ടി റൈഡര്‍ സ്വാതി നാട്ടിലെത്തി

ആലപ്പുഴ: ലോക്ക് ഡൗണായതിനാല്‍ പുണെയില്‍നിന്ന് ആലപ്പുഴയെത്താന്‍ മറ്റ് വഴിയൊന്നും കാണാതായപ്പോള്‍ സുഹൃത്തിന്റെ ബൈക്കും ഒപ്പിച്ച് 1300 കിലോ മീറ്ററുകള്‍ തനിച്ച് യാത്ര ചെയ്ത് ഒടുവില്‍ സ്വാതി നാട്ടിലെത്തി. മാവേലിക്കര സ്വദേശിനിയായ സ്വാതി ഗോപനാണ് തനിച്ച് രണ്ടുദിവസം ഉറങ്ങാതെ വണ്ടിയോടിച്ച് അവസാനം നാടണഞ്ഞത്.

ലോക്ഡൗണില്‍പ്പെട്ടതോടെ എങ്ങനെയെങ്കിലും വീട്ടിലേക്ക് വരണമെന്ന് സ്വാതി അതിയായി ആഗ്രഹിച്ചു. പുണെയില്‍നിന്ന് ആലപ്പുഴയെത്താന്‍ മറ്റുവഴിയൊന്നും കാണാതായപ്പോള്‍ സുഹൃത്തിന്റെ യമഹ ആര്‍ വണ്‍ ഫൈവ് ബൈക്ക് കൈയിലെടുത്തു. യാത്രയ്ക്ക് പാസ് സംഘടിപ്പിച്ചു.

കാറിലും മറ്റൊരു ബൈക്കിലുമായി വേറെയും യാത്രക്കാരെ കൂടെക്കിട്ടി. കീലോമീറ്ററുകള്‍ ഒറ്റയിരിപ്പില്‍ ഓടിച്ചുകൂട്ടി. പെട്രോള്‍ പമ്പുകളില്‍ മാത്രമായിരുന്നു കുറച്ചുസമയം വിശ്രമിച്ചത്. മേയ് ഏഴിന് രാത്രി ഒന്‍പതിന് പുണെയില്‍നിന്ന് യാത്ര ആരംഭിച്ചത്.

മാവേലിക്കരയില്‍നിന്ന് എറണാകുളം വരെയൊക്കെ ബൈക്ക് റൈഡ് നടത്തിയിട്ടുണ്ടെന്നല്ലാതെ സ്വാതി ദീര്‍ഘദൂരയാത്രകളൊന്നും നടത്തിയിട്ടില്ല. എന്നാലും വീടണയണമെന്ന ആഗ്രഹത്തില്‍ രാത്രിയിലും ഉറങ്ങാതെ വണ്ടിയോടിച്ചു. ആഹാരമായി ബ്രെഡ് കരുതിയിരുന്നു. ചില സ്ഥലങ്ങളില്‍ നിര്‍ത്തി ബ്രെഡും വെള്ളവും കുടിച്ചു. എട്ടിന് രാത്രി കേരള അതിര്‍ത്തി കടന്നു.

ഒന്‍പതിന് കുറച്ച് വിശ്രമിച്ചും പതുക്കെയുമാണ് വാഹനമോടിച്ചത്. ഒന്‍പതിന് രാത്രിയോടെ വീട്ടിലെത്തി. രാത്രിയില്‍ ബൈക്കോടിച്ച് വീട്ടില്‍ എത്തിയ സ്വാതിയെക്കണ്ട് വീട്ടുകാരും അമ്പരന്നു. നീണ്ട യാത്രയുടെ ചെറിയ ക്ഷീണം മാത്രമേ സ്വാതിക്കുള്ളൂ.

ഇപ്പോള്‍ ആലപ്പുഴയില്‍ നഗരസഭയുടെ ക്വാറെന്റെന്‍ കേന്ദ്രത്തിലാണ് സ്വാതി. മാവേലിക്കര കണ്ടിയൂരില്‍ ജിംനേഷ്യം നടത്തുന്ന അച്ഛന്‍ ഗോപകുമാറിന് ബുള്ളറ്റുണ്ട്. നാട്ടില്‍ ബുള്ളറ്റിലാണ് സ്വാതിയുടെ കറക്കം.

Exit mobile version