മാലദ്വീപില്‍ നിന്ന് ജലാശ്വയില്‍ കൊച്ചിയിലെത്തി; യുവതിയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു

കൊച്ചി: മാലദ്വീപില്‍ നിന്ന് നാവികസേനയുടെ ജലാശ്വയില്‍ ഇന്ന് കൊച്ചിയിലെത്തിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. തിരുവല്ല സ്വദേശിയായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. മാലദ്വീപില്‍ നഴ്‌സാണ് സോണിയ. കപ്പലില്‍നിന്ന് ഇറങ്ങവേ സോണിയക്ക് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.

സോണിയ പ്രസവത്തിനായി നാട്ടിലേക്ക് വരാന്‍ തയ്യാറായിരിക്കവേയാണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുന്നത്. നാട്ടിലെത്താന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരിക്കവെയാണ് നാവികസേനയുടെ കപ്പല്‍ രക്ഷാദൗത്യവുമായി എത്തുന്ന വിവരം അറിഞ്ഞത്. ഗര്‍ഭിണിയാണെന്ന പരിഗണന നല്‍കി ആദ്യ കപ്പലില്‍ തന്നെ മടങ്ങാനും സാധിച്ചു.

കപ്പല്‍ യാത്രക്കിടെ യുവതിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കപ്പലിറങ്ങി എമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോവാണ് വേദന ആരംഭിച്ചത്. ഭര്‍ത്താവ് ഷിജോ പുറത്ത് കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട് അഞ്ചേമുക്കാലോടെ കുഞ്ഞിന് ജന്മം നല്‍കി.

698 പേരെയാണ് മാലദ്വീപില്‍ ഇന്ന് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തിച്ചത്. ഇവരില്‍ 440 മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമാണ്.

Exit mobile version