അതിഥി തൊഴിലാളിക്ക് കരുതലും തണലും ഒരുക്കി കേരളം; കർണാടക സ്വദേശിനിയുടെ സൗജന്യ അർബുദ ശസ്ത്രക്രിയ നാളെ

കാസർകോട്: കർണാടക കേരളത്തിൽ നിന്നുള്ള രോഗികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ മരണത്തിന് വിട്ടുകൊടുത്തപ്പോൾ കർണാടകയിൽ നിന്നുള്ള തൊഴിലാളിക്ക് സൗജന്യ അർബുദ ശസ്ത്രക്രിയയ്ക്ക് സഹായം ചെയ്താണ് കേരളം മാതൃക കാണിക്കുന്നത്. കാസർകോട് കുമ്പളയിൽ അതിഥി തൊഴിലാളിയായി കഴിയുന്ന കർണാടക സ്വദേശിനിക്ക് സൗന്യ ചികിത്സ ഒരുക്കി മനുഷ്യത്വപരമായ ഇടപെടലാണ് കേരളം നടത്തിയിരിക്കുന്നത്.

കർണാടക ഹാസൻ സ്വദേശിനിയായ സുജാതയ്ക്കാണ് വായിലെ അർബുദത്തിന് ശസ്ത്രക്രിയ നടത്തുന്നത്. സുജാതയും ഭർത്താവ് ധനപാലയും ഇരുപത് വർഷത്തോളമായി കുമ്പളയിൽ കൂലിപ്പണിയെടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വാടക വീട്ടിൽ കഴിയുന്ന ഇവർക്ക് റേഷൻ കാർഡോ മറ്റു രേഖകളോ ഇല്ല. ആകെയുള്ളത് കർണാടക വിലാസത്തിലുള്ള ആധാർ കാർഡ് മാത്രമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സുജാത കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. മേയ് നാലിന് ഇവർക്ക് വായിൽ അർബുദം സ്ഥിരീകരിക്കുകയായിരുന്നു.

ഇതേ തുടർന്ന് മലബാർ കാൻസർ സെന്ററിലേക്ക് പോവുകയും നാളെ ശസ്ത്രക്രിയ നടത്താമെന്ന് നിർദേശിക്കുകയുമായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ വേണമെങ്കിൽ ഹെൽത്ത് കാർഡ് ഉണ്ടെങ്കിൽ മാത്രമേ സൗജന്യ ശസ്ത്രക്രിയ സാധ്യമാവുകയെന്നാണ് കാൻസർ സെന്റർ അധികൃതർ അറിയിച്ചത്. സംഭവമറിഞ്ഞ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെഎൽ പുണ്ഡരികാക്ഷ ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവുമായി ബന്ധപ്പെടുകയും ചിയാകിൽ നിന്നും സഹായം അഭ്യർത്ഥിച്ച് പഞ്ചായത്തിന്റെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

ജില്ലാ കളക്ടർ അടിയന്തരമായി ഇടപ്പെട്ട് ചിയാക് ജില്ലാ പ്രൊജക്ട് മാനേജർ എൻ സതീശനെ ബന്ധപ്പെട്ട് ഉടൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. സഹോദരി ഗംഗയുടെ കർണാടകയിലെ റേഷൻ കാർഡും നാഷണൽ ഹെൽത്ത് അതോറിറ്റി അനുവദിച്ച കാർഡും ഉപയോഗിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ ഹെൽത്ത് കാർഡ് തയ്യാറാക്കി സുജാതയ്ക്ക് നൽകി. നാളെ രാവിലെ അഞ്ച് മണിക്ക് മലബാർ കാൻസർ സെന്ററിലേക്ക് പുറപ്പെടുന്ന സുജാതക്ക് പഞ്ചായത്ത് തന്നെ വാഹന സൗകര്യം ഏർപ്പെടുത്തും.

നേരത്തെ കർണാടക സർക്കാർ കാസർകോട് ജില്ലയിൽ നിന്നുള്ള രോഗികൾക്ക് നേരേ അതിർത്തി കൊട്ടിയടച്ചതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ പതിനഞ്ചിൽ കൂടുതൽ പേരാണ് മരണപ്പെട്ടത്. ഇതിൽ നിന്നും തീർത്തും വിഭിന്നമായി കർണാടക സ്വദേശിനിക്ക് ജീവിതം തിരികെ പിടിക്കാൻ കേരളത്തിൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ്
പറഞ്ഞു.

Exit mobile version