ലോക്ക് ഡൗൺ കാലത്ത് എന്തിന് ഈ ചമയങ്ങൾ? തലമൊട്ടയടിച്ച് മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്ത് കോഴിക്കോട്ടെ ഈ പെൺകുട്ടികൾ; അഭിമാനം

കോഴിക്കോട്: ലോക്ക്ഡൗൺ കാലത്ത് വീടിനകത്ത് ഇരിക്കുമ്പോഴും നമുക്ക് സഹഡജീവികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ വിദ്യാർത്ഥിനികളായ ഈ സഹോദരിമാർ. കോഴിക്കോട് ചേവരമ്പലത്തെ എസ്‌കെ നിവാസിലെ സഹോദരികളായ അജ്ഞലി വിനീതും അഞ്ജന വിനീതുമാണ് വിസ്മയിപ്പിക്കുന്ന പ്രവർത്തിയിലൂടെ നാടിന്റെ ഒന്നാകെ മനം കവർന്നിരിക്കുന്നത്.

കീമോയുടെ ഫലമായി മുടി കൊഴിഞ്ഞ് പോവുന്ന കാൻസർ രോഗികൾക്ക് വിഗ്ഗ് വെക്കാനായി തങ്ങളുടെ നീളമുള്ള മുടി മുറിച്ച് ദാനം ചെയ്തിരിക്കുകയാണിവർ. തൃശ്ശൂരിലെ മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് കഴിഞ്ഞ തിങ്കളാഴ്ച തല മുഴുവൻ മൊട്ടയാക്കി ഇവർ മുടി ദാനം ചെയ്തത്. വീട്ടിൽനിന്ന് ഇവരുടെ തീരുമാനത്തിന് ഉറച്ച പിന്തുണയും ലഭിച്ചതോടെ മറ്റൊന്നും ആലോചിച്ചുമില്ല. മുടി ദാനം ചെയ്യുമ്പോൾ കുറഞ്ഞത് എട്ട് ഇഞ്ച് മാത്രമാവും മിക്കയാളുകളും കൊടുക്കുക. എന്നാൽ ഇവർ പൂർണമായും മൊട്ടയാക്കുകയാണ് ചെയ്തത്.

കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ നിന്ന് അവസാന വർഷ ബിരുദം പൂർത്തിയാക്കിയ അഞ്ജലിയും സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ അജ്ഞനയും ഏറെക്കാലമായി മുടി ദാനം ചെയ്യാൻ സന്നദ്ധരായിരുന്നു. ഒടുവിൽ ഇപ്പോഴാണ് സാഹചര്യങ്ങൾ ഒത്തവന്നത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ടവരെ അറിയിക്കുകയും അവരെത്തി മുടികൊണ്ടു പോവുകയുമായിരുന്നു എന്ന് ഈ സഹോദരികൾ പറയുന്നു.

ചേവായൂർ സഹകരണ ബാങ്കിലെ ജീവനക്കാരനായ വിനീതിന്റെയും പ്രിയയുടേയും മക്കളാണ് അജ്ഞനയും അഞ്ജലിയും. ഏറെക്കാലമായി സ്‌നേഹത്തോടെ പരിപാലിച്ചിരുന്ന മുടി പെട്ടെന്നൊരു ദിവസം ഇല്ലാതാവുമ്പോൾ വേദനയുണ്ടായെങ്കിലും അതിനപ്പുറത്തെ നന്മയോർത്ത് സന്തോഷിക്കുകയാണെന്ന് പറയുന്നു എൻഎസ്എസ്, എൻസിസി വളണ്ടിയർമാർകൂടിയായ ഈ സഹോദരികൾ.

ക്യാൻസർ രോഗികളെ സാമ്പത്തികമായി സഹായിക്കാൻ വിദ്യാർത്ഥിനികളായ തങ്ങൾക്കാവില്ലെന്നും അതുകൊണ്ട് തങ്ങളാൽ കഴിയുന്നത് ചെയ്യുകയായിരുന്നുവെന്നും പറയുന്നു അജ്ഞലിയും അജ്ഞനയും.

Exit mobile version