കള്ളു ഷാപ്പ് തുറക്കാം; പക്ഷെ ഇരുന്ന് കുടിക്കാൻ അനുവദിക്കില്ല; കള്ള് പാഴ്‌സൽ നൽകിയേക്കും

തിരുവനന്തപുരം: മേയ് 13ന് ബുധനാഴ്ച മുതൽ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ തുറക്കുമെങ്കിലും ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ല. കള്ള് പാഴ്‌സലായിട്ട് നൽകാനാണ് സാധ്യത. കള്ള് പാഴ്‌സലായി നൽകുന്നതിൽ നിയമതടസമില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉത്തരവ് ഉടനിറങ്ങിയേക്കും.

സംസ്ഥാനത്തെ കള്ളുഷാപ്പുകൾ അടുത്ത ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കള്ള് ഉൽപാദനം നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. തെങ്ങു ചെത്തുന്നതിന് നേരത്തെ അനുമതി കൊടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യം കള്ളുഷാപ്പുകൾ തുറക്കുന്നു. മറ്റ് കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. ഏതായാലും പൂർണമായി അടച്ചിടുക എന്ന നയം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ, കള്ളുഷാപ്പിൽ ഇരുന്ന് കഴിക്കാമോയെന്ന ചോദ്യത്തിന് ചിരിയോടെ ആയിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. അക്കാര്യം, ‘ആലോചിച്ച് പറയാം’ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതിന് പിന്നാലെ, ഷാപ്പിലിരുന്ന് കള്ളുകുടി അനുവദിക്കില്ലെന്ന് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇരുന്ന് കഴിക്കാൻ അനുമതിയില്ല.

Exit mobile version