തിരുവാതിര അധ്യാപികയും അഭിനേത്രിയുമായ മാലതി ജി മേനോന്‍ അന്തരിച്ചു

കൊച്ചി: പിന്നല്‍ തിരുവാതിരയിലൂടെ ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡില്‍ ഇടംനേടിയ മാലതി ജി മേനോന്‍ അന്തരിച്ചു. കഴിഞ്ഞദിവസമായിരുന്നു അന്ത്യം. പ്രശസ്ത തിരുവാതിര നര്‍ത്തകിയും അഭിനേത്രിയും നൃത്താധ്യാപികയുമായിരുന്നു അന്തരിച്ച മാലതി ജി മേനോന്‍.

ഹിന്ദി അധ്യാപികയായിരുന്ന മാലതി 1992ല്‍ പനമ്പിള്ളി നഗര്‍ ഗവ. സ്‌കൂളില്‍നിന്ന് വിരമിച്ച ശേഷമാണ് കലാരംഗത്തേക്ക് കടക്കുന്നത്. പാര്വണേന്ദു എന്ന പേരില്‍ തിരുവാതിര സ്‌കൂള്‍ രവിപുരത്ത് ആരംഭിച്ചു. ഇതിന് ശേഷം പിന്നല്‍ തിരുവാതിര എന്ന നൂതന കലാരൂപം ഇവര്‍ വികസിപ്പിച്ചെടുത്തു.

മൂവായിരത്തിലേറെ സ്ത്രീകളെ അണിനിരത്തി എറണാകുളത്ത് അവതരിപ്പിച്ച പിന്നല്‍ തിരുവാതിര ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ ഇടംപിടിച്ചിരുന്നു. തിരുവാതിര പഠിപ്പിച്ചുവരവെ ഇടയ്ക്ക, കഥകളി, ചെണ്ട എന്നിവയിലും കഴിവ് തെളിയിച്ചു.

തിരുവാതിര കൂടാതെ സംഗീതത്തിലും കഥകളിയിലും കാലെടുത്തുവെച്ചു. പതിനഞ്ചോളം സിനിമകളിലും അഞ്ച് ലഘു ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ഡാകിനി എന്ന സിനിമയില്‍ മുഖ്യകഥാപാത്രമായ ഡാകിനിയെ അവതരിപ്പിച്ചതും മാലതി ജി മേനോന്‍ ആണ്.

Exit mobile version