സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് വയനാട്ടില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 502 ആയി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട് ജില്ലയിലെ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലമാണ് മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഈ വണ്ടിയുടെ ക്ലീനറുടെ മകനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അതെസമയം ചികിത്സയിലുള്ള ആരുടെയും പരിശോധന ഫലം ഇന്ന് നെഗറ്റീവായില്ല. നിലവില്‍ 37 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് ആകെ 21342 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21034 പേര്‍ വീടുകളിലും 308 പേര്‍ ആശുപത്രികളിലുമാണുള്ളത്. ഇന്ന് 86 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 33800 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 33265 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് 1024 ടെസ്റ്റ് നടത്തി. ഇതുകൂടാതെ മുന്‍ഗണന ഗ്രൂപ്പുകളിലെ 2512 അയച്ചതില്‍ 1979 എണ്ണം നെഗറ്റീവായി എന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version