അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യ; ശ്രീധന്യ സുരേഷ് ഐഎഎസിന് അഭിനന്ദനവുമായി സന്ദീപ് ജി വാര്യർ

കൽപ്പറ്റ: സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായി ആദിവാസി വിഭാഗത്തിൽ നിന്ന് സിവിൽ സർവീസ് കരസ്ഥമാക്കിയ ശ്രീധന്യ സുരേഷ് ഐഎഎസ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെട്ടിരിക്കുകയാണ്. വയനാട് പൊഴുതന സ്വദേശിയായ ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ 410ാം റാങ്ക് നേടിയാണ് സിവിൽ സർവീസെന്ന കടമ്പ മറികടന്നത്.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി നിയമിക്കപ്പെട്ട ശ്രീധന്യയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവായ സന്ദീപ് ജി വാര്യർ. അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യയുമായി ശ്രീധന്യാ സുരേഷ് ഐഎഎസ് കോഴിക്കോട് അസി. കളക്ടറായി ചുമതലയേൽക്കുന്നു എന്നാണ് ഫേസ്ബുക്കിൽ കുറിച്ചത്.

നിർധനമായ കുടുംബ പശ്ചാത്തലത്തിൽ നിന്നും വരുന്ന ശ്രീധന്യ തന്റെ സാമ്പത്തിക പരിമിതികളെ മറികടന്നാണ് രാജ്യത്തെ പരമോന്നതമായ നേട്ടങ്ങളിലൊന്നായ സിവിൽ സർവീസ് കരസ്ഥമാക്കിയിരിക്കുന്നത്. പൊഴുതന പഞ്ചായത്തിലെ ഇടിയംവയൽ കോളനിയിലെ സുരേഷ്, കമല ദമ്പതികളുടെ മകളാണ് ശ്രീധന്യ.

അക്ഷരങ്ങൾ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളിൽ നിന്നും പഠിച്ച ഇന്ത്യയല്ല, അനുഭവങ്ങളുടെ ഇന്ത്യയുമായി ശ്രീധന്യാ സുരേഷ് ഐഎഎസ് കോഴിക്കോട് അസി. കലക്ടറായി ചുമതലയേൽക്കുന്നു. വനവാസി വിഭാഗത്തിൽ കേരളത്തിൽ നിന്നും ആദ്യമായി ഐഎഎസ് ലഭിക്കുന്ന വ്യക്തിയാണ് വയനാട് ജില്ലക്കാരിയായ ശ്രീധന്യ സുരേഷ്. ശ്രീധന്യയുടെ നേട്ടം വനവാസി സമാജത്തിലെ വരും തലമുറയ്ക്ക് പ്രേരണയും ഊർജ്ജവുമാകട്ടെ എന്നും സന്ദീപ് ജി വാര്യർ കുറിച്ചു.

Exit mobile version