പരുക്കേറ്റ അച്ഛന്റെ വേദന എഞ്ചിനീയറായ മകന്റെ തലവര മാറ്റി..! നൂതന രീതിയിലുള്ള സിറിഞ്ചിനു ജന്മം നല്‍കി ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി

ചാലക്കുടി: നൂതന രീതിയിലുള്ള സിറിഞ്ചിനു ജന്മം നല്‍കി ഈ ചാലക്കുടിക്കാരന്‍ ചങ്ങാതി. അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ഛന്റെ വേദനയാണ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ തലയില്‍ പുത്തന്‍ ആശയം ഉദിക്കാന്‍ കാരണം.

സ്റ്റാര്‍ട്ടപ് ഇന്ത്യ, ഇന്‍വെസ്റ്റ് ഇന്ത്യ, കേരള സ്റ്റാര്‍ട്ടപ് മിഷന്‍, കേരള സര്‍ക്കാര്‍ എന്നിവ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ് യാത്രയില്‍ ബിടെക് മെക്കാനിക്കല്‍ എന്‍ജിനീറിങ് വിദ്യാര്‍ത്ഥി രാഹുലിനു ഈ കണ്ടുപിടുത്തത്തിനു രണ്ടാം സമ്മാനം (50,000 രൂപ) ലഭിച്ചു

ആദ്യ ഉപയോഗത്തിനുശേഷം ലോക്കാവുന്ന രീതിയിലുള്ള സിറിഞ്ചാണ് രാഹുല്‍ രൂപകല്‍പന ചെയ്തത്. കുത്തിവയ്പ് സമയത്തു വേദന കുറയുന്നതിനും കുമിളകള്‍ കുറയാനും ഈ സിറിഞ്ച് സഹായിക്കുമെന്നാണ് രാഹുലിന്റെ വാദം. കൂടപ്പുഴ കാട്ടുപറമ്പില്‍ സുബ്രമണ്യന്‍, സരസ്വതി ദമ്പതികളുടെ മൂത്ത മകനാണ്.ശ്രീശക്തി പേപ്പര്‍ മില്‍ ജീവനക്കാരനായിരുന്ന സുബ്രഹ്മണ്യനു കഴിഞ്ഞ വര്‍ഷമുണ്ടായ അപകടത്തില്‍ പരുക്കേറ്റിരുന്നു.

5,000 സംരംഭകര്‍ പങ്കെടുത്തതില്‍ 82 പേരാണ് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. രാഹുലിനു ഇന്‍കുബേഷന്‍ അവാര്‍ഡും ലഭിച്ചു.പേറ്റന്റ് ലഭ്യമാകുന്ന മുറയ്ക്ക് സ്വന്തമായി നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് രാഹുല്‍. മൂവാറ്റുപുഴ ഇസാറ്റില്‍ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയാണ് രാഹുല്‍.

Exit mobile version