കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ജയിൽ മോചിതനായി; ശേഷം നഗ്നനായി നടന്ന് നിരവധി മോഷണങ്ങൾ; പോലീസ് പൊക്കിയതോടെ കോഴിക്കോട്ടെ ബ്ലാക്ക് മാനും താനാണെന്ന് സമ്മതിച്ച് പ്രതി

കോഴിക്കോട്: കോഴിക്കോട് നഗരത്തെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാൻ താനാണെന്ന് സമ്മതിച്ച് മോഷണക്കേസിൽ അറസ്റ്റിലായ പ്രതി. നഗരത്തിലെ വിവിധ ഭാഗങ്ങളിലായാണ് ജനങ്ങളെ ഭയപ്പെടുത്തി കറുത്തരൂപത്തിൽ ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത് മറയാക്കി മോഷണം നടത്തി വരികയായിരുന്നു പ്രതി. കൊവിഡ് മുൻകരുതലിന്റെ ഇളവിൽ കണ്ണൂരിൽ നിന്നും ജയിൽ മോചിതനായി കോഴിക്കോട് നഗരത്തിലെത്തിയ കണ്ണൂർ പാറാട്ട് മുക്കത്ത് ഹൗസിൽ മുഹമ്മദ് അജ്മലിനെ (26) വെള്ളിയാഴ്ച പുലർച്ചയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് നഗരത്തിലെ വനിത ഹോസ്റ്റലുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലും വീടുകളിലും മോഷണം നടത്തി വരികയായിരുന്നു പ്രതി. നഗരത്തിലെ പതിനെട്ടിടങ്ങളിൽ രാത്രികാലങ്ങളിൽ വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്ന നാട്ടുകാരെ കല്ലെറിഞ്ഞാണ് ഓടിക്കാറ്. പ്രതിക്കെതിരെ സിസിടിവി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

നേരത്തെ, കൊയിലാണ്ടിയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ വധശ്രമത്തിന് കേസെടുത്ത് റിമാന്റിലാക്കിയ പ്രതിയെ കൊവിഡ് മുൻകരുതൽ ഭാഗമായി മാർച്ച് 24ന് കണ്ണൂരിൽനിന്ന് ജയിൽമോചിതനാക്കിയിരുന്നു. പിറ്റേന്ന് കോഴിക്കോട്ടെത്തിയ ഇയാൾ ആനിഹാൾ റോഡിലെ അടച്ചിട്ട പഴയവീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് ഉള്ളിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പുലർച്ചെ കോഴിക്കോട്ടെ വിവിധ വനിതാ ഹോസ്റ്റലുകളിലും സ്വകാര്യ ആശുപത്രികളിലും വീടുകളിലും പൂർണനഗ്നനായി എത്തി മോഷണം നടത്തുകയായിരുന്നു. ഇയാൾ താമസിച്ച വീട്ടിൽനിന്ന് വിലകൂടിയ 24 മൊബൈൽ ഫോണുകൾ, സ്വർണവളകൾ, സ്വർണമാലകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

സ്ത്രീകൾക്കുനേരെ ആക്രമണം നടത്തിയതിന് കണ്ണൂർ, കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനുകളിൽ വധശ്രമം അടക്കം നിരവധി കേസുകളും പ്രതിയുടെ പേരിൽ നിലവിലുണ്ട്. വെള്ളിയാഴ്ച രാവിലെ കല്ലായി റോഡിലെ വീട്ടിൽ പ്രതി വന്നതറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസിനെ കണ്ട് ഇയാൾ കെട്ടിടത്തിനു മുകളിൽനിന്ന് ചാടി ഓടിയപ്പോൾ പോലീസും നാട്ടുകാരും ഒന്നര മണിക്കൂറോളം പിന്തുടർന്നാണ് പിടികൂടിയത്. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ, മാവൂർ റോഡിലെ നാഷനൽ ഹോസ്പിറ്റൽ, പിവിഎസ് എന്നിവിടങ്ങളിൽ നഴ്‌സുമാർക്കുനേരെ അശ്ലീലമായി പെരുമാറിയ സംഭവങ്ങളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Exit mobile version