വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല: ഒറ്റനിലയുള്ള ടെക്സ്റ്റയില്‍ സ്ഥാപനം തുറക്കാം; ഇളവുകള്‍ ഇങ്ങനെ

കൊച്ചി: കഴിഞ്ഞ ഒരു മാസത്തോളമായി പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സംസ്ഥാനത്തെ സോണുകളില്‍ വീണ്ടും മാറ്റം വരുത്തി. വയനാടിനെ ഗ്രീന്‍ സോണില്‍ നിന്നും മാറ്റി ഓറഞ്ച് സോണിലാക്കി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ ഗ്രീന്‍ സോണില്‍.

ബാക്കി ഒന്‍പതു ജില്ലകള്‍ ഓറഞ്ച് സോണിലാണ്. കാസര്‍കോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണില്‍ ഉള്ളത്. കണ്ണൂര്‍, കോട്ടയം ജില്ലകള്‍ റെഡ് സോണില്‍ തുടരും. ഇവിടെ കടുത്ത നിയന്ത്രണം തുടരും. സോണുകളില്‍ കേന്ദ്രം നിര്‍ദേശിച്ച പൊതുവായ ഇളവുകള്‍ നടപ്പാക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തും.

* ഗ്രീന്‍ സോണില്‍ അടക്കം പൊതുഗതാഗതം അനുവദിക്കില്ല. കൂടാതെ സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവറടക്കം 3 പേര്‍ മാത്രം. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. എന്നാല്‍ കണ്ടെയ്‌ന്മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളില്‍ ഇരുചക്രവാഹനങ്ങളിലെ അടിയന്തര യാത്രകളില്‍ 2 പേര്‍ ആകാം. സഹോദരന് സഹോദരിയെ വേണമെങ്കില്‍ ജോലി സ്ഥലത്ത് കൊണ്ടുപോയി എത്തിക്കാം.

* ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തിയറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും അടഞ്ഞുകിടക്കും.

* മദ്യശാലകള്‍ തുറക്കില്ല. മദ്യഷാപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല
ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍പ്പോയി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാം.

* വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് 20 അധികം ആളുകള്‍ പാടില്ല

* വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. എന്നാല്‍ പരീക്ഷാനടത്തിപ്പിനായി മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാം

* ഞായറാഴ്ച കടകളോ ഓഫിസുകളോ തുറക്കരുത്. പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണം. ഞായറാഴ്ച വാഹനങ്ങള്‍ ഒന്നും പുറത്തിറക്കരുത്.

* അവശ്യസര്‍വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫിസുകള്‍ നിലവിലെ രീതിയില്‍ തുടരാം.

* ഗ്രീന്‍സോണുകളിലെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ തുറക്കാം. സാമൂഹിക അകലം പാലിക്കണം.

*ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലുള്ള സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. 50 ശതമാനം ജീവനക്കാര്‍ മാത്രം.

* ഓറഞ്ച് സോണില്‍ നിലവിലുള്ള സ്ഥിതി തുടരും.

* ഹോട്ട് സ്‌പോട്ടുകള്‍ ഒഴികേയുള്ള സ്ഥലങ്ങളില്‍ ഹോട്ടലുകള്‍ക്ക് പാര്‍സല്‍ സര്‍വ്വീസ് നടത്താം.

* ഗ്രീന്‍ ഓറഞ്ച് സോണുകളിലെ ഒന്നില്‍ അധികം നിലകള്‍ ഇല്ലാത്ത വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്താം. അഞ്ചില്‍ അധികം ജീവനക്കാര്‍ പാടില്ല.

* ഗ്രീന്‍, ഓറഞ്ച് സോണില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ടാക്‌സി അനുവദിക്കും. രണ്ട് യാത്രക്കാര്‍ മാത്രം.

* ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികേയുള്ള ഗ്രീന്‍ ഓറഞ്ച് സോണുകളില്‍ പ്രത്യേത ആവശ്യങ്ങള്‍ക്ക് അന്തര്‍ ജില്ലയാത്ര അനുവദിക്കും.

* മലഞ്ചരക്ക് സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ട് തവണ തുറക്കാം.

Exit mobile version