ലോക്ക് ഡൗണ്‍ ലംഘിച്ച് ഉപവാസ സമരം; ഡീന്‍ കുര്യാക്കോസ് എംപി അടക്കം 14 പേര്‍ക്കെതിരെ കേസ്

തൊടുപുഴ: ലോക്ക് ഡൗണ്‍ ലംഘിച്ച് ഉപവാസ സമരം നടത്തിയ സംഭവത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉള്‍പ്പടെ 14 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇടുക്കി മെഡിക്കല്‍ കോളേജിന് മുന്നില്‍ ഡീന്‍ നടത്തിയ ഉപവാസത്തില്‍ ആളുകള്‍ കൂട്ടം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഡീന്‍ കുര്യാക്കോസ് ഉപവാസ സമരം നടത്തിയത്. ഇടുക്കിയില്‍ കൊവിഡ് സ്രവ പരിശോധനയ്ക്ക് പിസിആര്‍ ലാബ് അനുവദിക്കുക, ഇടുക്കിയോട് സര്‍ക്കാര്‍ തുടരുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഇതില്‍ ആളുകള്‍ കൂട്ടം കൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

ഡീന്‍ കുര്യാക്കോസിന് പുറമെ ഇടുക്കി ഡിസിസി പ്രസിഡന്റ്, ഡിസിസി സെക്രട്ടറിമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. എപ്പിഡമിക് ഡിസീസ് ഓര്‍ഡിന്‍സ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, വിമര്‍ശനം ഉന്നയിച്ചതിന് മുഖ്യമന്ത്രി പകപോക്കുകയാണെന്നാണ് ഡീന്‍ കുര്യാക്കോസ് സംഭവത്തില്‍ പ്രതികരിച്ചു.

Exit mobile version