ഇരട്ടക്കൊലപാതകത്തെത്തുടര്‍ന്നുള്ള മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി വീണ്ടും ഹൈക്കോടതിയില്‍

ഡീന്‍ കുര്യാക്കോസിനെക്കൂടാതെ കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിട്ടുണ്ട്

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഭവത്തില്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ കോടതിയലക്ഷ്യ കേസ് വീണ്ടും ഹൈക്കോടതിയില്‍. മിന്നല്‍ ഹര്‍ത്താല്‍ നടത്തരുതെന്ന കോടതി വിധി അറിയില്ലേ? ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ച ആളല്ലെ എന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയും ഏകെ ജയശങ്കരന്‍ നമ്പ്യാരും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് നേരത്തെ ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി താന്‍ എല്‍എല്‍ബിക്ക് പഠിച്ചിട്ടേ ഉള്ളുവെന്നും പ്രാക്ടീസ് ചെയതിട്ടില്ലെന്നും മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുള്ള ജനുവരി ഏഴിലെ ഹൈക്കോടതി ഇടക്കാല ഉത്തരവിനെപ്പറ്റി അറിവില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു ഡീന്‍ കുര്യാക്കോസ് ഹൈക്കോടതിയെ അറിയിച്ചിരുന്നത്‌.

അതേസമയം ഡീന്‍ കുര്യാക്കോസിനെക്കൂടാതെ കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്‍, എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ക്കെതിരെയും ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഡീന്‍ കുര്യാക്കോസിനെതിരെ 198 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതും ഇന്ന് കോടതി പരിഗണിക്കും.

Exit mobile version