‘സൈനികരായിരുന്നെങ്കില്‍ ജീവന്‍ കൊടുത്ത് സംരക്ഷണം നല്‍കിയേനെ’: ഡോ. വന്ദനയുടെ കൊലപാതകത്തില്‍ കണ്ണുകള്‍ നിറഞ്ഞ് ഹൈക്കോടതി ജസ്റ്റിസ്

കൊച്ചി: ജോലിക്കിടെ അതിക്രൂരമായി കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ഡോ.കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അടിയന്തരമായി വിഷയം പരിഗണിച്ചപ്പോഴാണ് വന്ദനയുടെ മരണം സംബന്ധിച്ച വാക്കുകളില്‍ ജസ്റ്റിസിന്റെ കണ്ണുകള്‍ നിറഞ്ഞത്.

ആ പെണ്‍കുട്ടിയെ ഞങ്ങളുടെ മകളായാണ് കാണുന്നത്. പാവം. അവസാന നിമിഷം അവള്‍ പ്രതിക്കുമുന്നില്‍ പെട്ടുപോയി. എത്രമാത്രം ഭയവും വേദനയും അവള്‍ അനുഭവിച്ചിരിക്കും, ‘ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടറി പറഞ്ഞു.

ആലോചിക്കാനേ വയ്യ. അവളുടെ ജീവത്യാഗം മറവിയിലാണ്ടുപോവില്ല. കോടതി ആദരാഞ്ജലി അര്‍പ്പിക്കുന്നെന്നും ജസ്റ്റിസ് പറഞ്ഞു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

സംഭവത്തില്‍ സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായ ഭാഷയില്‍ ാണ് വിമര്‍ശിച്ചു. പോലീസിന്റെ കൈയ്യില്‍ തോക്കുണ്ടായിരുന്നില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.

അസാധാരണ സാഹചര്യങ്ങളില്‍ അസാധാരണമായ നടപടികള്‍ വേണം. സംരക്ഷണം നല്‍കാന്‍ എന്തുകൊണ്ട് പോലീസിന് കഴിഞ്ഞില്ല. സൈനികരായിരുന്നെങ്കില്‍ ജീവന്‍കൊടുത്ത് സംരക്ഷണം നല്‍കിയേനേ. പോലീസിന് എന്തിനാണ് തോക്ക് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമായിരുന്നു. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവുമോ. പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു.

Exit mobile version