ലഹരിയില്‍ കുടുംബത്തെ മറന്ന് ജീവിതം, ഒടുവില്‍ പശ്ചാത്താപം; ലോക്ക്ഡൗണ്‍ തിരിച്ചുകൊടുത്ത ജീവിതം

ലഹരിയ്ക്ക് അടിമപ്പെട്ട് ഇല്ലാതാകുന്ന അനേകം ജീവിതങ്ങളുണ്ട് ചുറ്റിനും. ഈ ലോക്ക്ഡൗണ്‍ കാലം അങ്ങനെ നഷ്ടപ്പെട്ടുപോയ പല ജീവിതങ്ങളെയും തിരികെ കൊടുക്കുന്നുമുണ്ട്. അത്തരത്തില്‍ ഒരു കൂടിച്ചേരലിനെ കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ലോകത്ത് ശ്രദ്ധേയമാകുകയാണ്.

പഴയജീവിതം ഓര്‍ത്തെടുക്കാനും നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണമെന്നും പലരെയും
കോറോണക്കാലം ഓര്‍മ്മിപ്പിക്കുകയാണ്. വനിതാ ശിശുവികസനവകുപ്പ് കൗണ്‍സിലറും ഒഎസ്ഡബ്യുസി അംഗവുമായ ദീപ ദിവാകരന്‍ എഴുതിയ കുറിപ്പിങ്ങനെ:
ലഹരിയില്‍ കുടുംബം മറന്ന് ജീവിച്ച ഒരു മനുഷ്യന്‍ ഇന്ന് രോഗക്കിടക്കയില്‍ കിടന്ന് നഷ്ടപ്പെട്ട നല്ല ജീവിതം തിരിച്ചുകിട്ടില്ലല്ലോ എന്നോര്‍ത്ത് ആവലാതിപ്പെടുന്നത്. എന്നാല്‍ ദീപ ദിവാകരന്റെ ഇടപെടല്‍ അദ്ദേഹത്തിന് നഷ്ടമായ കുടുംബജീവിതം തിരിച്ചുനല്‍കിയിരിക്കുകയാണ്. ഭാര്യയും മക്കളും പേരക്കിടാങ്ങളോടൊപ്പം അദ്ദേഹം ഇനിയും ജീവിയ്ക്കും.

” റബ്ബര്‍ ടാപ്പിംഗായിരുന്നു ജോലി… മോശമല്ലാത്ത വരുമാനം. കിട്ടിയ കാശിന് മുഴുവന്‍ മദ്യപിച്ചു.നേരം വെളുക്കുമ്പോഴേക്കും കൈകാലുകളില്‍ വിറ വരും… അപ്പോ തുടങ്ങും കുടിക്കാന്‍ –ബോധംകെട്ട് വീഴും വരെ. ലഹരി തലക്ക് പിടിച്ചപ്പോള്‍ ഞാനെല്ലാം മറന്നു… എന്റെ ഭാര്യയെ… മക്കളെ….എല്ലാരേയും. ഒരു ലക്ഷ്യോംല്ലാതെ ഏതൊക്കേയോ വഴിലൂടെ ഞാനലഞ്ഞുനടന്നു. ഇനിയൊന്നും പറഞ്ഞിട്ട് ഒരു കാര്യോംല്ലല്ലോ ന്റെ മോളേ…ഇനിയൊന്നും തിരിച്ച് കിട്ടില്ലല്ലോ?’
ഫോണിന്റെ അങ്ങേത്തലക്കല്‍ നീണ്ട മൗനത്തിനൊടുവില്‍ ഒരു ദീര്‍ഘനിശ്വാസം. ദു:ഖവും പശ്ചാത്താപവും ഇഴപിരിക്കാനാവാതെ കനത്ത് കനംവെച്ചു. ഉള്ളകങ്ങളില്‍ സങ്കടപ്പെരുങ്കടല്‍ ഇരമ്പിയാര്‍ത്തു.
‘ അച്ഛന് ഭാര്യയേയും മക്കളേയും കാണാനാഗ്രഹമുണ്ടോ? അവരോടൊപ്പം ജീവിക്കാനാഗ്രഹമുണ്ടോ?’
ദുര്‍ബലമായൊരു തേങ്ങല്‍ ചെവിയില്‍ ഓളമടിച്ചു.

ശാരീരിക-മാനസിക വിവരങ്ങളന്വേഷിച്ച് മലപ്പുറം ജില്ലയിലെ രോഗബാധിതനായി കിടക്കുന്ന ഒരാളെ വിളിച്ചപ്പോളാണ് ലഹരിയിലാണ്ട ഒരു മനുഷ്യന്റെ ജീവിതപുനര്‍വിചിന്തന സ്വപ്നങ്ങള്‍ അനാവൃതമായത്.

ആശ പ്രവര്‍ത്തകയുടെ സഹായത്തോടെ മകന്റെ ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ചു. ദീപ എല്ലാ കാര്യങ്ങളും മകനോട് വിശദമായി സംസാരിച്ചു.
ഒടുക്കം ചോദിച്ചു – ‘ അച്ഛനെ നോക്കാനാവ്വോ?’
ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി.
‘എന്തൊക്കെപ്പറഞ്ഞാലും ഞങ്ങടെ അച്ഛനല്ലേ മാഡം ? ഞങ്ങക്ക് മറക്കാമ്പറ്റ്വോ… ഉപേക്ഷിക്കാന്‍ പറ്റ്വോ?’
പിന്നീടെല്ലാം വളരെ വേഗത്തിലായിരുന്നു. അദ്ദേഹത്തിന് ഭാര്യയേയും മകനേയും പേരക്കിടാങ്ങളേയും കിട്ടി. ഒരു ഭാഗത്ത് കോവിഡ് മരണനൃത്തമാടുമ്പോഴും ലോക്ഡൗണ്‍ ചില പുന:സമാഗമങ്ങള്‍ക്ക് സാക്ഷിയാവുന്നുണ്ട്. …ചില ജീവിതങ്ങള്‍ തളിരിടുന്നുണ്ട്… അതിജീവനം സാധ്യമാക്കുന്നുണ്ട്”.

Exit mobile version