ട്രെയിന്‍ യാത്രയ്ക്കിടെ ശല്യം ചെയ്ത് മദ്യപസംഘം: ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് യുവതി, മൂന്ന് യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍: ട്രെയിനില്‍ യുവതിയ്ക്ക് നേരെ മദ്യപസംഘത്തിന്റെ അതിക്രമം, ചങ്ങല വലിച്ച് നിര്‍ത്തിച്ച് യുവതി. നാഗര്‍കോവില്‍-മംഗളൂരു (16606) ഏറനാട് എക്‌സ്പ്രസിലാണ് സംഭവം. ശല്യം സഹിക്കവയ്യാതെ യുവതി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ന് വളപട്ടണത്തായിരുന്നു സംഭവം. മാട്ടൂല്‍ സൗത്ത് സ്വദേശികളായ ടി.ഫയാസ് (26), മുഹമ്മദ് ഷാഫി (36), സി.അബ്ദുള്‍ വാഹിദ് (35) എന്നിവര്‍ക്കെതിരെ റെയില്‍വേ പോലീസ് കേസെടുത്തു. തീവണ്ടിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ്.

ജനറല്‍ കോച്ചില്‍ മാഹിയില്‍ നിന്ന് മദ്യപിച്ച് കയറിയ ഇവര്‍ യുവതിയോട് അപമര്യാദയായി സംസാരിക്കുകയായിരുന്നു. കണ്ണൂരിലെത്തുന്നതുവരെ മോശം പെരുമാറ്റം തുടര്‍ന്നു. വണ്ടി വളപട്ടണത്തെത്താറായപ്പോള്‍ വീണ്ടും ശല്യം വര്‍ധിച്ചു. തുടര്‍ന്ന് യുവതി അപായച്ചങ്ങല വലിച്ച് വണ്ടി നിര്‍ത്തുകയായിരുന്നു. മൂന്നുപേരെയും യാത്രക്കാര്‍ പിടിച്ചുവെച്ചു. വളപട്ടണം പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. പിന്നീട് മൂന്നുപേരെയും റെയില്‍വേ പോലീസിന് കൈമാറി.

Exit mobile version