വധു ലക്നൗവില്‍, വരന്‍ ആലപ്പുഴയില്‍: ലോക്ക്ഡൗണിലും മുഹൂര്‍ത്തം തെറ്റാതെ താലിക്കെട്ട്: സോഷ്യല്‍മീഡിയയില്‍ വൈറലായി ഓണ്‍ലൈന്‍ വിവാഹം

കായംകുളം: ലോക്ക്ഡൗണില്‍ കിലോമീറ്ററുകള്‍ അകലെയുള്ള വധുവിനെ ഓണ്‍ലൈനിലൂടെ താലി ചാര്‍ത്തിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശി ബാങ്കുദ്യോഗസ്ഥനായ ശ്രീജിത്താണ് യുപിയിലുള്ള വധു അഞ്ജനയെ ഓണ്‍ലൈനായി താലിചാര്‍ത്തിയത്.

ലോക്ക്ഡൗണ്‍ കാരണം മുഹൂര്‍ത്തം തെറ്റിക്കാതിരിക്കാനാണ് ഇരുവരും വിവാഹം ഓണ്‍ലൈനാക്കിയത്. ലക്നൗവില്‍ ഐടി എഞ്ചിനീയറാണ് പള്ളിപ്പാട് സ്വദേശിയായ അഞ്ജന.

പള്ളിപ്പാട് കൊടുന്താറ്റ് വീട്ടില്‍ ജി പങ്കജാക്ഷന്‍ ആചാരിയുടെയും ശ്രീകാന്തയുടെയും മകളാണ് അഞ്ജന. ചങ്ങനാശ്ശേരി പുഴവാത് കാര്‍ത്തികയില്‍ നടേശന്‍- കനകമ്മ ദമ്പതികളുടെ മകനാണ് ശ്രീജിത്ത്.

വിവാഹ ദിവസമായ ഇന്നലെ ശ്രീജിത്തും അടുത്ത ബന്ധുക്കളും പളളിപ്പാടുള്ള വധൂഗൃഹത്തിലെത്തി. പിന്നീടായിരുന്നു ഓണ്‍ലൈന്‍ കല്യാണ ചടങ്ങുകള്‍. മുഹൂര്‍ത്ത സമയത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ ശ്രീജിത്ത് അഞ്ജനയെ താലി ചാര്‍ത്തി. ഇതേസമയത്ത് ലഖ്‌നൗവില്‍ പ്രത്യേകം തയ്യാറാക്കിയ ചരട് അഞ്ജന സ്വയം കഴുത്തില്‍ കെട്ടി. സീമന്തരേഖയില്‍ അഞ്ജന സിന്ദൂരം ചാര്‍ത്തിയതോടെ ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് സമുദായ ഭാരവാഹികള്‍ നല്‍കിയ രജിസ്റ്ററില്‍ വരന്‍ ഒപ്പുവച്ചു. വിവാഹചടങ്ങ് മംഗളമായി നടന്നു.

സദ്യക്ക് ശേഷമാണ് ശ്രീജിത്തും ബന്ധുക്കളും അഞ്ജനയുടെ വീട്ടില്‍ നിന്ന് മടങ്ങിയത്. 2019 നവംബര്‍ ആറിനായിരുന്നു ശ്രീജിത്തിന്റെയും അഞ്ജനയുടെയും വിവാഹ നിശ്ചയം.

Exit mobile version