അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന് കൊറോണ, കാസര്‍കോട് കളക്ടര്‍ നിരീക്ഷണത്തില്‍

കാസര്‍കോട്: കാസര്‍കോട് ജില്ല കൊറോണയില്‍ നിന്നും കരകയറുന്നതിനിടെ കളക്ടര്‍ ഡി സജിത് ബാബു നിരീക്ഷണത്തില്‍. ബുധനാഴ്ച കൊറോണ സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ സജിത്ബാബുവുമായി അഭിമുഖം നടത്തിരുന്നു. ആ സാഹചര്യത്തിലാണ് കളക്ടറും നിരീക്ഷണത്തിലായത്.

കളക്ടറുടെ രണ്ട് ഗണ്മാന്മാരും നിരീക്ഷണത്തിലാണ്. ഒമ്പതുദിവസംമുമ്പാണ് മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുമായി അഭിമുഖം നടത്തിയത്. കഴിഞ്ഞദിവസം ദൃശ്യമാധ്യമപ്രവര്‍ത്തകന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇദ്ദേഹവുമായി ഇടപഴകിയ ചിലരെ ആരോഗ്യവകുപ്പ് അധികൃതര്‍ നിരീക്ഷണത്തിലാക്കിയത്.

ഇതില്‍ ജില്ല കളക്ടറും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകന്റെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.കാസര്‍കോട് ജില്ല കൊറോണയില്‍ നിന്നും ഏറെക്കുറേ മുക്തമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ഇനി ഏതാനും പേര്‍ മാത്രമാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയെന്ന നേട്ടം കാസര്‍കോട്ടെ ജനറല്‍ ആശുപത്രി സ്വന്തമാക്കി. അതേസമയം, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ചെറിയ ആശങ്കകള്‍ക്ക് വഴിവെക്കുന്നു.

Exit mobile version