തൃശൂരില്‍ യുവാവ് വെട്ടേറ്റ് മരിച്ചു; രണ്ട് പേര്‍ ആശുപത്രിയില്‍, സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂര്‍ കാറളത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കാറളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സിവി വാസുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു.

വൈകീട്ട് 4.30ഓടെയാണ് സംഭവം. പ്രതികളും വിഷ്ണുവും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. പ്രശ്നം സംസാരിച്ചുതീര്‍ക്കാമെന്നു പറഞ്ഞ് വിഷ്ണുവിനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തുകയായിരുന്നു പ്രതികള്‍.

ഇത്തിള്‍ക്കുന്ന് പാടത്ത് വച്ച് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വിഷ്ണു മരിച്ചത്.

പരിക്കേറ്റ മറ്റ് 2 പേരെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയിലും ഒരാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഇരിങ്ങാലക്കുട കാറളം സ്വദേശികളായ വിഷ്ണു, വിവേക്, വിശാഖ് എന്നിവരാണ് പിടിയിലായത്.

Exit mobile version