കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവില്ല; എംഎൽഎമാരുടെ ശമ്പളവും ഓണറേറിയവും കുറയ്ക്കും

തിരുവനന്തപുരം: സംസ്ഥാനം കൊവിഡിന്റെ പശ്ചാത്തലത്തിൽ നേരിടുന്നത് അസാധാരണ പ്രതിസന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വരുമാനം ഗണ്യമായി ഇടിഞ്ഞു. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി താങ്ങാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎൽഎമാർക്ക് പ്രതിമാസം ലഭിക്കുന്ന തുകയിലും ഓണറേറിയത്തിലും കുറവ് വരുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള മാർഗമെന്ന നിലയിൽ കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവുമുണ്ട്. അതിനായി തരിശുഭൂമിയിൽ പൂർണമായും കൃഷിയിറക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃഷിവകുപ്പ് പദ്ധതി തയാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വരുമാനത്തിൽ വൻ ഇടിവാണുണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാനായി സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ച് മാസത്തേക്കു മാറ്റിവയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനു നിയമപ്രാബല്യം പോരെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

Exit mobile version