കോവിഡ് വിരുദ്ധ പോരാട്ടത്തിനായി കുട്ടപ്പന്റെ സമ്പാദ്യവും; 381 രൂപയുടെ ചില്ലറത്തുട്ടുകള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വൃദ്ധന്‍

ആലപ്പുഴ: കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരുണ്ട്.

അക്കൂട്ടത്തിലൊരാളാണ് മാവേലിക്കരയിലെ കുട്ടപ്പന്‍ എന്ന വൃദ്ധന്‍. തന്റെ ആകെ സമ്പാദ്യമായ 381 രൂപയുടെ ചില്ലറതുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുകയാണ് ഈ വൃദ്ധന്‍.

ലോക്ഡൗണ്‍ കാലയളവില്‍ മാവേലിക്കരയിലെ മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ മുടങ്ങാതെ ഭക്ഷണവും വെള്ളവും നല്‍കുന്നയാളാണ് കുട്ടപ്പന്‍.

ഏറെ നാളുകളായി മാവേലിക്കരയിലെ ഒരു കടത്തിണ്ണയിലാണ് അനാഥനായ കുട്ടപ്പന്റെ താമസം. ലോക്ക്ഡൗണ്‍ ആയതോടെ ആഹാരവും വെള്ളവും കഴിക്കുവാന്‍ മാര്‍ഗമില്ലാതായി.

ഇതറിഞ്ഞ മാവേലിക്കര ജോയിന്റ് ആര്‍ ടി ഒ, എം ജി മനോജും സംഘവുമാണ് ദിവസേന സഹായവുമായി എത്തുന്നത്. കഴിഞ്ഞദിവസം ആഹാരം നല്‍കുവാന്‍ എത്തിയപ്പോഴാണ് നാട് അനുഭവിക്കുന്ന ദുരന്തത്തിന് സര്‍ക്കാരിനെ സഹായിക്കാന്‍ തന്റെ സമ്പാദ്യം കുട്ടപ്പന്‍ നല്‍കിയത്.

മാവേലിക്കരയിലെ ഒട്ടേറെ നിരാലംബരായവര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.

Exit mobile version