ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത; മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരികേ എത്തിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്ക പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍, ബിസിനസ് ആവശ്യത്തിന് പോയവര്‍, ബന്ധുക്കളെ കാണാന്‍ പോയവര്‍ തുടങ്ങി മലയാളികള്‍ പല സംസ്ഥാനങ്ങളിലായി കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരുടെ പലരുടെയും അവസ്ഥ വിഷമകരമാണ്. ഭക്ഷണം കൃത്യമായി കിട്ടാത്തവര്‍ പോലുമുണ്ട്. നേരത്തെ താമസിച്ച ഹോസ്റ്റലുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഇറങ്ങേണ്ടി വന്നവരുണ്ട്. താല്‍ക്കാലിക ട്രെയിനിങ്ങിനും മറ്റും പോയവരാണ് ചിലര്‍, അങ്ങനെയുള്ളവരെ സംസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരും ഇതിനുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് നോര്‍ക്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ നിന്ന് കൃഷിപ്പണിക്ക് പോയി ധാരാളം പേര്‍ കുടകില്‍ കുടങ്ങിപ്പോയിട്ടുണ്ട്. ഇവരില്‍ ആദിവാസികളുമുണ്ട്. ഭക്ഷണത്തിന് പോലും ഇവര്‍ പ്രയാസം നേരിടുന്നുണ്ട്. ഇവരെ എല്ലാവരെയും ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സമാനമായി കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികേ എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version