കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി; അതിർത്തികളിലെ ഊടുവഴികൾ അടയ്ക്കാനും നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് 19 ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ കളക്ടർമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അതിർത്തികളിലെ ഊടുവഴികൾ അടയ്ക്കാനും കർശന നിർദേശമുണ്ട്. കളക്ടർമാർ ഉൾപ്പെടെയുള്ളവരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദേശം നൽകിയത്.

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തിയത്. ജില്ലാ കളക്ടർമാർ, ജില്ല പോലീസ് മേധാവിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവരാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. ഈ ചർച്ചയ്ക്കിടെയാണ് കോവിഡ്19 ടെസ്റ്റുകൾ കൂടുതൽ നടത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. പ്രവാസികൾ മടങ്ങിവരുമ്പോൾ ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ച് കേരളം ഒരു മാർഗരേഖ തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ജില്ലകളിൽ താമസത്തിനുള്ള കൂടുതൽ സ്ഥലങ്ങൾ കണ്ടെത്താനും കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. പ്രതിദിനം 4000 പരിശോധനകൾ നടത്താനുള്ള സൗകര്യമാണ് കേരളത്തിലുള്ളത്. റാപിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിക്കാൻ ഐസിഎംആർ അനുമതി നൽകിയിട്ടില്ലെങ്കിലും നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് കൂടുതൽ പരിശോധനകൾ നടത്താനാണ് നിർദേശം നൽകിയിരിക്കുന്നത്.

Exit mobile version