മാസപ്പിറവി കണ്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സാബുവിനെയാണ് ഓര്‍മ്മ വന്നത്, അവന്‍ എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു; റംസാന്‍ കാലത്തെ ഓര്‍മ്മകളുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍, കുറിപ്പ് വൈറല്‍

തിരുവനന്തപുരം: രാജ്യം കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. അതിനിടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ എല്ലാം വീടുകളിലുമായി. ആഘോഷങ്ങളും പരിപാടികളുമെല്ലാം ഒഴിവാക്കി. വിഷുവും ഈസ്റ്ററുമൊന്നും വന്നു പോയത് അറിഞ്ഞതേയില്ല.

ഒടുവില്‍ ഇപ്പോള്‍ റംസാനുമെത്തിയിരിക്കുകയാണ്. ഇസ്ലാംമത വിശ്വാസികള്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന മാസമാണിത്. റംസാന്‍ മാസത്തിലെ ചില ഓര്‍മ്മകള്‍ പങ്കുവെച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സാബു അബ്ദുല്‍ റഷീദ് എന്ന സുഹൃത്തിനെ കുറിച്ചുളള ഓര്‍മകളാണ് സന്ദീപ് വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. റിയാദില്‍ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ദൈവത്തെ പോലെ ആയിരുന്നു സാബു എന്നും നിത്യേന പള്ളിയില്‍ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം തനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരനായിരുന്നെന്നും സന്ദീപ് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്..

‘ മാസപ്പിറവി സ്ഥിരീകരിച്ച വാര്‍ത്ത വായിച്ചപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് സാബുവിന്റെ മുഖമാണ്. റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാന്‍ മാസത്തില്‍, നിത്യേന പള്ളിയില്‍ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരന്‍ കൊല്ലം പരവൂര്‍ നെല്ലേറ്റിലെ സാബു എന്ന സാബു അബ്ദുല്‍ റഷീദ്.

പട്ടിണി കിടക്കുന്നവന് ഭക്ഷണം തരുന്നവനാണ് ദൈവം. അക്കാലത്ത് സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു. ഏതാണ്ട് ഒരേ സമയത്ത് റിയാദില്‍ എത്തിച്ചേര്‍ന്ന സമപ്രായക്കാരായ ഞങ്ങള്‍ യാദൃശ്ചികമായി കണ്ടു മുട്ടുകയായിരുന്നു. അവന് ഞാന്‍ കമ്പ്യൂട്ടര്‍ പഠിപ്പിച്ചു. പകരം അവന്‍ എനിക്ക് ഭക്ഷണം തന്നു. ചിലപ്പോഴൊക്കെ താമസവും.

ഒരിക്കല്‍ ഒരു ലാപ്‌ടോപ്പ് വിറ്റത് അവന്റെ ബോസ് ആയിരുന്ന ഹക്കീമിനെ മണിയടിച്ചായിരുന്നു. ‘ഹയില്‍ വുറൂദ് ഏരിയയില്‍ ഈ ലാപ്‌ടോപ്പ് വാങ്ങാന്‍ നിന്നെക്കാള്‍ യോഗ്യനായി മറ്റാരുമില്ല ‘ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ തലയും കുത്തി വീണു. ഹക്കീമിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം സാബു എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നല്ലോ .വലിയ സ്വീകരണം ആദ്യമായി ലീവിന് വന്നപ്പോള്‍ സാബുവിന്റെ വീട്ടില്‍ ഞാന്‍ പോയിരുന്നു.

നിറയെ മത്സ്യ വിഭവങ്ങളുമായി വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്. മാസപ്പിറവി കണ്ടു എന്ന വാര്‍ത്ത വായിച്ചപ്പോള്‍ സാബുവിനെ വല്ലാതെ മിസ്സ് ചെയ്തു. ഇപ്പോള്‍ ദമാമില്‍ ഉള്ള സാബുവുമായി സംസാരിച്ചു. ടിവിയില്‍ കാണുമ്പോഴൊക്കെ ഇത് എന്റെ കൂട്ടുകാരന്‍ ആണെന്ന് പറയാറുണ്ടത്രെ സാബു.നിന്നെ എങ്ങനെ മറക്കാനാണ് സഹോദരാ. നാളെ മുതല്‍ പരിശുദ്ധ റംസാന്‍ വ്രതം അനുഷ്ഠിക്കുന്ന എന്റെ എല്ലാ മുസ്ലിം സഹോദരങ്ങള്‍ക്കും നന്മകള്‍ നേരുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈ ദുരന്ത കാലത്തെ അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ പ്രയത്‌നത്തിന് സഹായകമാവട്ടെ” എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.

Exit mobile version