‘മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; നിങ്ങൾ കേസെടുത്തോളൂ; ജീവിക്കാൻ വഴിയില്ല’: ടി നസിറുദ്ദീൻ

തിരുവനന്തപുരം: തൊഴിലാളി ദിനമായ മേയ് ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഒരുമിച്ച് തുറന്നുപ്രവർത്തിക്കാനാണ് തീരുമാനമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീൻ. തിങ്കളാഴ്ച മുതൽ കടകൾ വൃത്തിയാക്കി തുടങ്ങും. ഒന്നാം തിയതി മുതൽ കച്ചവടം തുടങ്ങാനാണ് തീരുമാനമെന്നും ടി നസിറുദ്ദീൻ പറഞ്ഞു.

‘എല്ലാവരും കൂടി തിങ്കളാഴ്ച കടകൾ വൃത്തിയാക്കിവെച്ചിട്ട് മേയ് ഒന്നാം തീയതി, അന്ന് തൊഴിലാളി സ്വാതന്ത്ര്യദിനമായതുകൊണ്ട് ഒന്നിച്ചു തുറക്കാനാണ് തീരുമാനം. ഞങ്ങൾ കടകൾ തുറക്കും. നിങ്ങൾ കേസെടുത്തോളൂ. പത്ത് ലക്ഷം വ്യാപാരികൾക്കെതിരെയും കേസെടുത്തോളൂ. കേസ് എടുക്കുന്നതിൽ വിരോധമില്ല. നിങ്ങൾ നിങ്ങളുടെ പണിയെടുത്തോളൂ. ഞങ്ങൾ തുറക്കും. തുറക്കാതെ കഴിയില്ല. ജീവിക്കാൻ കഴിയില്ല’, അദ്ദേഹം പറഞ്ഞു.

ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് കടകൾ തുറക്കാമെന്നാണ് കേന്ദ്രം പറയുന്നതെന്നും കേരളത്തിലെ 90 ശതമാനം കടകളും ഇത്തരത്തിലുള്ളതാണെന്നും ടി നസിറുദ്ദീൻ പറഞ്ഞു.

കടകൾ പൂട്ടാനുള്ള സർക്കാരിന്റെ നിർദേശം വന്നപ്പോൾ ഒന്നും നോക്കാതെ ഈ മാരകമായ വിപത്തിനെതിരെ കടപൂട്ടി സഹകരിച്ചവരാണ് ഞങ്ങൾ. അന്ന് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് ദിവസം കഴിയുമ്പോൾ സൂപ്പർമാർക്കറ്റുകളും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന മറ്റുകടകളും ഇറച്ചി മത്സ്യ കടകളും തുറക്കാമെന്നതായിരുന്നു കരുതിയത്. ഇവിടെ ഒരു മാസം കഴിയുമ്പോൾ കേടുവരുന്ന സാധനങ്ങൾ ഉണ്ട്. രണ്ട് മാസം വെക്കാവുന്നത് ഉണ്ട്. വർഷങ്ങളോളം വെക്കാവുന്ന സ്വർണ്ണം, തുണി പോലുള്ള മറ്റു സാധനങ്ങൾ ഉണ്ട്. അതിൽ വ്യക്തമായ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വരെ സംസ്ഥാന-കേന്ദ്ര സർക്കാരുകളോട് പറഞ്ഞിട്ടും തീരുമാനമായില്ലെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version