പണത്തിനേറെ ആവശ്യമുണ്ടായിട്ടും കളഞ്ഞുകിട്ടിയ രണ്ടു ലക്ഷം പോലീസ് സ്റ്റേഷനിലെത്തിച്ച് വിഷ്ണു; പണം വാങ്ങാനെത്തിയ ഉടമയെ കണ്ട് വീണ്ടും ഞെട്ടല്‍; വര്‍ഷങ്ങള്‍ക്കിപ്പുറം ഗുരുദക്ഷിണ നല്‍കിയ കഥയിങ്ങനെ!

ബൈക്കില്‍ വരുമ്പോള്‍ മറ്റപ്പള്ളി ഫയറിങ് ഗ്രൗണ്ടിന് സമീപമുള്ള റോഡില്‍ നിന്നാണ് പണം കിട്ടിയത്.

ചാരുംമൂട്: പണത്തിനേറെ ആവശ്യമുണ്ടായിട്ടും വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ബാഗും അതിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും ഈ യുവാവിന്റെ മനസ് ഇളക്കിയില്ല. മറ്റാരുടേയോ പണം തന്റെ കൈയ്യിലിരിക്കുന്നതിന്റെ അനൗചിത്യം കൃത്യമായി അറിയാമായിരുന്ന വിഷ്ണു പണം ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങളായിരുന്നു ശരിക്കും നാടകീയമായത്. തന്നെ ഒരു കൈത്തൊഴില്‍ പഠിപ്പിച്ച ആശാന് തക്കതായ ഗുരുദക്ഷിണ നല്‍കുവാനായിരുന്നു വിഷ്ണുവിന്റെ നിയോഗം.

കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ കൈമാറാന്‍ നൂറനാട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, ഡ്രൈവറായ നൂറനാട് മറ്റപ്പള്ളി വിജീഷ് ഭവനത്തില്‍ വിഷ്ണു വിജയന് (26) തിരിച്ചറിഞ്ഞത്, ഈ പണംതന്നെ വളയം പിടിക്കാന്‍ പഠിപ്പിച്ച ആശാന്റേതാണ് എന്ന്. ബൈക്കില്‍ വരുമ്പോള്‍ മറ്റപ്പള്ളി ഫയറിങ് ഗ്രൗണ്ടിന് സമീപമുള്ള റോഡില്‍ നിന്നാണ് പണം കിട്ടിയത്. ഉടന്‍ പോലീസ് സ്റ്റേഷനിലെത്തി എസ്ഐ വി ബിജുവിനെ തുക ഏല്‍പ്പിച്ചു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി പന്തളം മുടിയൂര്‍ക്കോണം ചാമക്കണ്ടത്തില്‍ ബാലകൃഷ്ണന്‍ ആചാരി സ്റ്റേഷനിലെത്തി. ആശാന്‍കലുങ്കിലുള്ള ഡ്രൈവിങ് സ്‌കൂളിലെ അധ്യാപകനാണ് ബാലകൃഷ്ണന്‍ ആചാരി. സ്ഥാപന ഉടമയ്ക്ക് നല്‍കാനുള്ള തുക, സ്വര്‍ണം പണയം വച്ച് കൊണ്ടുവരികയായിരുന്നു.

സ്വന്തം കാര്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ വീട്ടിലിട്ട ശേഷം പണമെടുത്ത് ഡ്രൈവിങ് പഠിപ്പിക്കുന്ന കാറിനു മുകളില്‍ വച്ചു. അതോര്‍ക്കാതെ ആ കാറും എടുത്തു ഡൈവിങ് സ്‌കൂളിലേക്കു പോയപ്പോഴാണ് പണം നഷടപ്പെട്ടത്. പണം സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് ആവശ്യമായ രേഖകളുമായി എത്തിയപ്പോഴാണ് ശിഷ്യനായ വിഷ്ണുവാണ് പണമെത്തിച്ചതെന്നു മനസ്സിലായത്.

പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം ഏറ്റുവാങ്ങി. മാതാപിതാക്കള്‍ മരണപ്പെട്ട വിഷ്ണു നൂറനാട്ടുള്ള പലചരക്ക് കടയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ്. സഹോദരനൊപ്പമാണ് താമസം.

Exit mobile version