ഒരു സീറ്റില്‍ ഒരു യാത്രക്കാരനെന്ന നിലയില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: ഒരു സീറ്റില്‍ ഒരു യാത്രക്കാരനെന്ന നിലയില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകള്‍ സ്റ്റോപ്പേജിന് അപേക്ഷ നല്‍കി. ഒരു വര്‍ഷത്തോളം ബസ് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് സ്വകാര്യബസ് ഉടമകള്‍ പറയുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി സര്‍വീസ് നടത്താത്തത് കൊണ്ട് ബസ് വീണ്ടും പ്രവര്‍ത്തന ക്ഷമമാക്കി എടുക്കാന്‍ ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടി വരുമെന്നാണ് ഇവര്‍ പറയുന്നത്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ ബസ് സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ സാധാരണ സമയങ്ങളില്‍ പോലും പല സര്‍വീസുകളും നഷ്ടത്തില്‍ ഓടുമ്പോള്‍ ഇത്തരത്തില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ബസ് ഉടമകളുടെ പേരിലുള്ള വായ്പകള്‍ക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാന്‍ സാവകാശം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളും ബസ് ഉടമകള്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ട്. നിലവില്‍ അധിക ചാര്‍ജ് ഈടാക്കുകയോ മറ്റെന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുകയോ വേണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. ഈ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരഹാരം കണ്ടെത്താമെന്നാണ് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത്.

Exit mobile version