കൊറോണ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം, വൈറസ് ബാധിച്ചതെങ്ങനെയെന്ന് ഇനിയും വ്യക്തമല്ല

കോഴിക്കോട്: കൊറോണ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ നാല് മാസം പ്രായമായ കുഞ്ഞാണ് ഇന്ന് രാവിലെ മരിച്ചത്. കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ വ്യക്തമല്ല.

കൊറോണ ബാധിച്ച നാലുമാസം പ്രായമുള്ള കുഞ്ഞ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അതേസമയം, കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ വ്യക്തമല്ല. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കൊ കൊറോണ വൈറസ് ബാധയില്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 447 ആയി വര്‍ധിച്ചു.

ഇടുക്കി 4 പേര്‍ക്കും കോഴിക്കോട് 2 പേര്‍ക്കും, കോട്ടയം രണ്ട് പേര്‍ക്കും തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പത്ത് പേരില്‍ നാല് പേര്‍ അയല്‍സംസ്ഥാനത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായത് നാല് പേര്‍ക്കാണ്.

Exit mobile version