കോട്ടയത്ത് ബൈക്കിലെത്തിയ അമ്മയെയും മകനെയും പോലീസ് തടഞ്ഞു, രേഖ കാണിച്ചപ്പോള്‍ കടത്തി വിട്ടു; പക്ഷേ അമ്മയെ കയറ്റാന്‍ മറന്നു, വിളിച്ചോര്‍മ്മിപ്പിച്ച് പോലീസും

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയതിനു പിന്നാലെ പുറത്തിറങ്ങിയവരും കുറവല്ല. എന്നാല്‍ കര്‍ശന നിലപാടുകളോടെ പോലീസ് പരിശോധനയും നടത്തി വരുന്നുണ്ട്. ഇതിനിടയില്‍ വഴിയോരത്ത് അമ്മയെ മറന്ന് വെച്ച് പോയ മകനാണ് വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്.

ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ അമ്മയെയും മകനെയും പോലീസ് തടയുകയായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി വന്നതാണെന്നു പരിശോധനയില്‍ ബോധ്യപ്പെടുകയും ചെയ്തു. ജില്ല കടക്കുന്നതിന് ആവശ്യമായ രേഖകള്‍ പരിശോധിച്ചു മടക്കി നല്‍കിയ ഉടന്‍ യുവാവു ബൈക്കോടിച്ചു പോയി.

എന്നാല്‍ പിന്‍സീറ്റിലിരുന്ന അമ്മ പരിശോധനയ്ക്കിടെ താഴെയിറങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. അമ്മയെ മറന്ന് വെച്ച് ഇയാള്‍ ബൈക്കോടിച്ച് പോവുകയും ചെയ്തു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഫോണ്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. അപ്പോഴേയ്ക്കും യുവാവ് 2 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഉടന്‍ തിരികെയെത്തിയ ഇയാള്‍ പിന്നീട് അമ്മയുമായി പോവുകയും ചെയ്തു.

Exit mobile version