ലോക്ക് ഡൗണിലെ നന്മ! ഗുരുതരാവസ്ഥയിലുള്ള രോഗിയ്ക്ക് അവശ്യമരുന്ന് കിട്ടാന്‍ വഴിയില്ല; മരുന്നെത്തിച്ച് നല്‍കി വടക്കേക്കാട് സിഐ

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് പോലീസ് നന്മയുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു. ക്രമസമാധാനപാലനവും അവശ്യക്കാര്‍ക്ക് സഹായമെത്തിച്ചും അവര്‍ നന്മയുടെ കാവല്‍ക്കാരായുണ്ട്. അത്തരത്തില്‍ ഒരു നന്മ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത കവി സി രാവുണ്ണി. വടക്കേക്കാട് സ്റ്റേഷനിലെ സിഐ എം സുരേന്ദ്രന്റെ അടിയന്തിര ഇടപെടലിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നമുള്ള രോഗിയ്ക്ക് അവശ്യമരുന്ന് എത്തിച്ചു നല്‍കിയ കാര്യമാണ് രാവുണ്ണി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

”അംബിക മെമ്പറായിരിക്കുന്ന രണ്ടാം വാര്‍ഡില്‍ നിന്നു വന്ന ഒരു വിളിയാണ്
അറുപതു വയസ്സായ ഒരാള്‍ ശ്വാസകോശ സംബന്ധമായി ഗൗരവപ്പെട്ട ചികിത്സയിലാണ്. അമൃതയില്‍ രണ്ടു വര്‍ഷമായി ചികിത്സ നടക്കുന്നു. കഴിക്കാനുള മരുന്നിന് ഒരു മാസത്തേക്ക് എണ്‍പത്തയ്യായിരം രൂപ വില വരും. ബോംബേയില്‍ നിന്നുള്ള കമ്പനി മാസം തോറും കൊറിയര്‍ ആയി മരുന്ന് എത്തിച്ചു കൊടുത്തു വരുന്നു. ഒരു നിശ്ചിത കാലയളവില്‍ മരുന്ന് പണം കൊടുത്ത് വാങ്ങിയതിനാല്‍ ഇപ്പോള്‍ കമ്പനി സൗജന്യമായി കൊടുക്കുകയാണ്.

പതിനെട്ടാം തിയ്യതി വരെയ്ക്കുള്ള മരുന്നേ ഇപ്പോള്‍ കൈവശമുള്ളു. പരിചയമുള്ള മെഡിക്കല്‍ വിതരണക്കാരോട് അടിയന്തരമായി 10 ഗുളിക തരണം, പണം തരാം എന്നു പറഞ്ഞിട്ടും അവര്‍ കനിഞ്ഞില്ല. ഒരു മാസത്തെയെങ്കിലും ഒന്നിച്ചു വാങ്ങണമത്രെ. തുടര്‍ന്നും സൗജന്യമായി മരുന്ന് കമ്പനി തരും. അത് എത്തിക്കാന്‍ സഹായം വേണം. ഇതാണ് പ്രശ്‌നം.

കൊറിയര്‍ സര്‍വീസ് ഇല്ല. തപാലാപ്പീസ് ഇല്ല. ഫ്‌ലൈറ്റ് ഇല്ല. തീവണ്ടി ഇല്ല. മറ്റു ഗതാഗത സൗകര്യമൊന്നുമില്ല. ആ വീട്ടുകാര്‍ അവര്‍ക്കറിയാവുന്ന എല്ലാ വഴികളും നോക്കി. ലോക് ഡൗണ്‍ കഴിയുന്നതു കാത്തിരിക്കാനാവില്ല. ഉടന്‍ 10 ദിവസത്തേക്കെങ്കിലുമുള്ള മരുന്ന് കിട്ടിയേ പറ്റൂ.

എന്നെക്കൊണ്ടാവുന്ന എല്ലാ വഴികളും തിരഞ്ഞു തുടങ്ങി. മുംബൈ ആണെങ്കില്‍ കോവിഡ് അതിമാരകമായി പിടിമുറുക്കിയിരിക്കുകയുമാണ്. ഗതാഗതം ഇല്ല എന്ന പ്രശ്‌നത്തില്‍ എല്ലാ അന്വേഷണവും വഴിമുട്ടി.

പലരേയും വിളിച്ച കൂട്ടത്തിലാണ് എം സുരേന്ദ്രനെയും വിളിച്ചത്. സുരേന്ദ്രന്‍ നോവലിസ്റ്റും കഥാകൃത്തും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമാണെന്ന് ഒരു പത്രവാര്‍ത്തയുടെ പോസ്റ്റ് ഇട്ട് ഞാന്‍ എഴുതിയിരുന്നല്ലൊ. തിരക്കിലാണോ എന്ന് ചോദിച്ചപ്പോള്‍ അതെ, അര മണിക്കൂര്‍ കഴിഞ്ഞ് വിളിക്കാമോ എന്നായിരുന്നു മറുപടി. ഞാന്‍ വിളിച്ചില്ല. നടക്കാത്ത കാര്യത്തിന് എന്തിനു ബുദ്ധിമുട്ടിക്കുന്നു എന്ന വിചാരത്തില്‍. പിറ്റേന്ന് എന്നെ തിരിച്ചുവിളിച്ചു. കാര്യം അറിഞ്ഞപ്പോള്‍ നോക്കട്ടെ, ആ വീട്ടുകാരോട് ഒന്ന് വിളിക്കാന്‍ പറയു എന്നു മാത്രം പറഞ്ഞു. അവരുടെ സാമ്പത്തിക നില എന്തെന്ന് പിറ്റേന്ന് എന്നെ വിളിച്ച് ആരാഞ്ഞു. എട്ടര ലക്ഷം രൂപ മരുന്നിനു മാത്രം ചെലവഴിച്ച കുടുംബമാണെന്ന് ഞാന്‍ പറഞ്ഞു”.

തുടര്‍ന്ന് മരുന്നിന് വേണ്ടി മുംബൈയിലെ കമ്പനികളുമായി സുരേന്ദ്രന്‍ ബന്ധപ്പെട്ടു. അവിടന്ന് കൊണ്ടു വരിക എന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ എളുപ്പമല്ലെന്ന് മനസ്സിലായപ്പോള്‍ കേരളത്തില്‍ എവിടെ കിട്ടുമെന്ന അന്വേഷണമായി. ഇന്ന് എനിക്ക് സുരേന്ദ്രന്റെ വാട്‌സാപ് മെസേജ് വന്നു. ആവശ്യപ്പെട്ടതു പോലെ പത്തു ദിവസത്തെ മരുന്ന് ശരിയായിട്ടുണ്ട്. മരുന്നുമായി നാളെ രാവിലെ ഒരു പോലീസുകാരന്‍ വടക്കേക്കാട് സ്റ്റേഷനില്‍ എത്തും. വീട്ടുകാരോട് അവിടെ വരാന്‍ പറഞ്ഞോളൂ.. മരുന്നിന്റെ വിലയില്‍ മൂന്നില്‍ രണ്ട് ഭാഗം സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റ് നല്കി. ബാക്കി മെഡിക്കല്‍ ഏജന്‍സിയും വഹിച്ചു.

നാളെ രാവിലെ മരുന്നു വരും. അതു വാങ്ങാന്‍ വീട്ടുകാര്‍ പോകും. സുരേന്ദ്രന്‍ അടുത്ത ജോലിത്തിരക്കിലേക്കു തിരിയും. ജീവന്‍ രക്ഷിക്കാനുളള മരുന്നുമായി പൊരിവെയിലത്ത് കിലോമീറ്ററുകള്‍ ബൈക്കോടിച്ചു വന്ന അജ്ഞാതനായ പോലീസുകാരനും അടുത്ത വിളിയിലേക്കു പായും. സൗഹൃദം ചാരിറ്റബിള്‍ ട്രസ്റ്റ് അടുത്തതായി കണ്ണീരു തുടക്കേണ്ടവരിലേക്ക് കൈകള്‍ നീട്ടും. അവര്‍ അവരുടെ ജീവിതം കൊണ്ട്, ഞാനൊക്കെ ജീവിക്കുന്ന ഈ ജീവിതം എത്ര നിസ്സാരമാണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും”.

Exit mobile version