ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടമായി എത്തി: കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

കൊല്ലം: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം കളക്ടറിന് നിവേദനം നല്‍കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലായത്.

അഞ്ചില്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്ന നിര്‍ദേശം ലംഘിച്ച് നിവേദനം നല്‍കാന്‍ കൂട്ടമായെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂട്ടമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

ജില്ലയിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കളക്ടറിന് നിവേദനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്.ജില്ലയിലെ വിവിധ ഭാഗങ്ങളില് നിന്ന് സൈക്കിളിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.

Exit mobile version