ഐജി മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഐജി മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം.
വരുന്ന ജനുവരിയില്‍ അദ്ദേഹത്തിന് എഡിജിപി റാങ്കിലേക്ക് പ്രമോഷന്‍ ലഭിക്കും.

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം റേഞ്ച് ഐജിയാണ്. ട്രാഫിക് വിഭാഗത്തിന്റെ ചുമതലയും വഹിക്കുന്ന അദ്ദേഹം നിലവില്‍ ശബരിമലയുടെ സുരക്ഷചുമതലയുള്ള കോര്‍ഡിനേറ്റിംഗ് ഓഫീസറാണ്. കേരള പോലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ മേല്‍നോട്ടചുമതലയും അദ്ദേഹത്തിനാണ്.

ഇതോടൊപ്പം 2001 ഐപിഎസ് ബാച്ചിലെ എആര്‍ സന്തോഷ് വര്‍മ്മയ്ക്ക് ഐജി റാങ്കിലേക്കും 2005 ഐപിഎസ് ബാച്ചിലെ നീരജ് കുമാര്‍ ഗുപ്ത, എ അക്ബര്‍, കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, കാളിരാജ് മഹേഷ്‌കുമാര്‍ എന്നിവര്‍ക്ക് ഡിഐജി പദവികളിലേക്കും സ്ഥാനക്കയറ്റം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

ഈ കേഡറുകളില്‍ ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ സ്ഥാനക്കയറ്റം നല്‍കും. 1994 ഐഎഎസ് ബാച്ചിലെ രാഷേജ് കുമാര്‍ സിഹ്ന, സഞ്ജയ് ഗാര്‍ഗ്, എക്‌സ്. അനില്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള പാനലും മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്കും സ്ഥാനക്കയറ്റം നല്‍കും.

Exit mobile version